കൊച്ചി: പക്ഷിയുടെ ചിറകിനും കലാകാരന്‍റെ ഭാവനയ്ക്കുമാണ് നിറം പകരേണ്ടതെന്ന് പ്രശസ്ത ചിത്രകാരന്‍ സുനില്‍ വല്ലാര്‍പാടം പറഞ്ഞു. കുട്ടികളിലെ കലാഭിരുചി വളര്‍ത്തുന്നതിനു വേണ്ടി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി ബിനാലെ വേദിയായ ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാര്‍ഡിലെ ആര്‍ട്ട് റൂമിലെ പരിശീലന കളരിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


നാട്ടിലുള്ള ഏതെങ്കിലും പക്ഷികളുടെ പേരു പറയാനാണ് സുനില്‍ വല്ലാര്‍പാടം കുട്ടികളോട് ആദ്യമായി ആവശ്യപ്പെട്ടത്. എന്നാല്‍ ആറെണ്ണത്തില്‍ കൂടുതല്‍ പറയാന്‍ ആര്‍ക്കുമായില്ല. തുടര്‍ന്നാണ് പക്ഷികളെക്കുറിച്ച് അദ്ദേഹം കൂടുതല്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു തുടങ്ങിയത്. വെറും കടലാസില്‍ ഷെയ്ഡുകള്‍ വരച്ചാണ് കുട്ടികളെ അദ്ദേഹം രൂപങ്ങള്‍ പഠിപ്പിച്ചത്.


കുരുവികളുടെ ചിത്രങ്ങളിലാണ് നിറം നല്‍കിയത്. എല്ലാത്തരം നിറങ്ങളും ഇതനായി ഉപയോഗിച്ചുവെന്ന് സുനില്‍ പറഞ്ഞു. എങ്ങിനെയാണ് ലഭിച്ച സ്ഥലത്ത് നിറങ്ങള്‍ ഉപയോഗിക്കേണ്ടതെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു. പ്രതിഭയുള്ള കുട്ടികള്‍ക്ക് ചെറിയ തോതിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയാല്‍ മതിയാകും. പക്ഷെ നമ്മുടെ വിദ്യാലയങ്ങളില്‍ ഇത് നടക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇക്കാരണങ്ങള്‍ തന്നെയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചതെന്ന് എബിസി പ്രോഗ്രാം മാനേജര്‍ ബ്ലെയിസ് ജോസഫ് പറഞ്ഞു. തെങ്ങോല, കളിമണ്ണ്, കരി, ഗ്രാഫിക് നോവലുകള്‍, കഥപറച്ചില്‍ തുടങ്ങി വിവിധ മേഖലകളിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.


സുനില്‍ വല്ലാര്‍പാടത്തിന്‍റെ പരിശീലന കളരിയില്‍ പങ്കെടുത്ത കുട്ടികള്‍ 20 അടി നീളമുള്ള പ്രതലത്തില്‍ വിവിധ ചിത്രങ്ങള്‍ വരച്ചു. ആര്‍ട്ട് റൂമിലേക്കുള്ള സ്മരണികയായാണ് ഇത് നല്‍കിയിരിക്കുന്നത്.


കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പരിശീലന കളരിയില്‍ പങ്കെടുത്തത് ആഹ്ലാദകരമാണെന്ന് സുനില്‍ പറഞ്ഞു. കുട്ടികള്‍ക്ക് സ്വന്തം പരിസരം വീക്ഷിക്കുന്ന സ്വഭാവം തുലോം കുറവാണ്. മൊബൈല്‍ ഫോണിലേക്ക് കണ്ണും നട്ടിരിക്കുകയാണ് നമ്മുടെ ബാല്യം. എങ്കിലും ഏത് ആര്‍ട്ടിസ്റ്റുകള്‍ക്കും അറിവ് പകരാനും കുട്ടികള്‍ക്കാകുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.


വല്ലാര്‍പാടമെന്ന ദ്വീപിലെ ബാല്യകാല ജീവിതമാണ് സുനിലിനെ കലാകാരനും പ്രകൃതി നിരീക്ഷകനുമാക്കിയത്. ഉദയത്തില്‍ ആകാശത്തിലെ പക്ഷികള്‍ക്കൊപ്പം സമീപത്തെ ക്ഷേത്രത്തില്‍ നിന്നും രാജ്യത്തിന്‍റ ഗാനകോകിലമായ എം എസ് സുബ്ബലക്ഷ്മിയുടെ പാട്ടും കേട്ടാണ് സുനില്‍ വളര്‍ന്നത്.


കുളക്കോഴിയാണ് സുനിലിന്‍റെ ഇഷ്ട പക്ഷി. റാംപില്‍ മോഡലുകള്‍ നടക്കുന്നതു പോലെയാണ് കുളക്കോഴിയുടെ നടപ്പ്. പൊډാനാണ് മറ്റൊരു ആകര്‍ഷണം. ചടുലമായ ചലനങ്ങളാണ് പൊډാനെ ആകര്‍ഷകമാക്കുന്നത്. കാക്ക, കുരുവി, പ്രാവുകള്‍, മൈന, കുയില്‍ എല്ലാം കലാകാരന്‍റെ പ്രചോദനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

*