മുംബൈ: മഹാരാഷ്ട്രയില്‍ ഏറ്റവുമധികം വരള്‍ച്ച നേരിടുന്ന പ്രദേശമാണ് സോലാപുര്‍ ജില്ലയിലെ മംഗല്‍വേദ. സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കര്‍ണ്ണാടകയില്‍ ചേരുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സോലാപുരില്‍ നിന്നുള്ള 45 കര്‍ഷകര്‍. പ്രദേശത്തെ 1.5 ലക്ഷം കര്‍ഷകരാണ് ദീപാവലി ആഘോഷങ്ങള്‍ ബഹിഷ്‌ക്കരിച്ച്‌ പ്രതിഷേധിക്കാന്‍ തയ്യാറായിരിക്കുന്നത്.

600 എംഎം ആണ് ലഭ്യമാകുന്ന വാര്‍ഷിക മഴ. വര്‍ഷങ്ങളായി വരള്‍ച്ച വളരെയധികം ബാധിക്കുന്ന പ്രദേശമാണ് മംഗള്‍വേദ. ഭീമ, മാന്‍ എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട നദികള്‍. എന്നാല്‍ നദീതീരത്തു താമസിക്കുന്ന ആളുകള്‍ക്കും കനാലുകള്‍ക്കും നല്‍കാനുള്ള വെള്ളം മാത്രമേ ഈ രണ്ട് നദികളിലും കൂടി ഉള്ളൂ. ഉജ്ജയ്‌നി ജലസേചന പദ്ധതിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ഇവിടുത്തെ കര്‍ഷകര്‍. എന്നാല്‍, ഇതുവരെ പദ്ധതി പ്രാവര്‍ത്തികമായിട്ടില്ല. എന്നാല്‍, മറ്റെന്തെങ്കിലും പ്രതിവിധി ഉണ്ടാക്കണമെന്ന ആവശ്യം കേള്‍ക്കാന്‍ ഇതുവരെ ആളുണ്ടായിട്ടില്ല.

ചോളവും വെള്ളക്കടലയുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട വിളകള്‍. കന്നുകാലി വളര്‍ത്തലും ഇവരുടെ വളരെ പ്രധാനപ്പെട്ട വരുമാന മാര്‍ഗ്ഗമാണ്. എന്നാല്‍, ശരിയായ രീതിയില്‍ മഴ ലഭിച്ചാല്‍ മാത്രമേ കൃഷി സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ള ഏറ്റവും ഭയാനകമായ വരള്‍ച്ചയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്.

വെറും 18 ശതമാനം കൃഷി മാത്രമാണ് മഹാരാഷ്ട്രയില്‍ ജലസേചനത്തെ ആശ്രയിക്കുന്നത്. ബാക്കി മുഴുവനും മണ്‍സൂണിനെ ആശ്രച്ചാണ് നിലനില്‍ക്കുന്നത്. വരള്‍ച്ചയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. എന്നാല്‍, ഇതെല്ലാം തന്നെ അപര്യാപ്തമാണെന്നാണ് കര്‍ഷകരുടെ വാദം.

മൂന്ന് മാസം സംസ്ഥാന സര്‍ക്കാരിന് സമയം നല്‍കും. അതിനുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ കര്‍ണ്ണാടകയിലെ മന്ത്രിയെ വിളിച്ച്‌ അങ്ങോട്ട് പോകുമെന്നാണ് കര്‍ഷകരുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

*