ലണ്ടൻ: മനുഷ്യരാശിക്ക് ഏറ്റവും വലിയ ഭീഷണിയാണു പാക്കിസ്ഥാനെന്നു റിപ്പോർട്ട്. ആഗോള ഭീകരതയുടെ കളിത്തൊട്ടിലായ പാക്കിസ്ഥാൻ, സിറിയയേക്കാൾ മൂന്നു മടങ്ങു ഭീഷണിയാണു ലോകത്തിനെന്നാണു റിപ്പോർട്ടിലെ സാരാംശം. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും സ്ട്രാറ്റജിക് ഫോർസൈറ്റ് ഗ്രൂപ്പും ചേർന്നു തയാറാക്കിയ ‘ഹ്യുമാനിറ്റി അറ്റ് റിസ്ക് – ഗ്ലോബൽ ടെറർ ത്രെട്ട് ഇൻഡിക്കേറ്റ് (ജിടിടിഐ)’ റിപ്പോർട്ടിലാണു പാക്കിസ്ഥാനെതിരെ ഗുരുതര പരാമർശങ്ങളുള്ളത്.

അഫ്ഗാനിലെ താലിബാൻ, ലഷ്കറെ തയിബ എന്നിവയാണു രാജ്യാന്തര സുരക്ഷയ്ക്കു വെല്ലുവിളി ഉയർത്തുന്ന സംഘങ്ങൾ. ഭീകരർക്കു താവളമൊരുക്കി ലോകത്തിനാകെ ഭീഷണിയാകുന്ന രാജ്യങ്ങളിൽ പാക്കിസ്ഥാനാണു മുന്നിൽ. ലോകത്തെ ഭീകരരുടെ കണക്കുകൾ നോക്കിയാൽ അവയെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നതു പാക്കിസ്ഥാനിലാണെന്നു കാണാം. അഫ്ഗാനിസ്ഥാനിലും ഭീകരസംഘങ്ങളുടെ സാന്നിധ്യമുണ്ട്. പാക്കിസ്ഥാന്റെ സഹായത്തോടെയാണ് അവർ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.

ഭാവി ദശകത്തിൽ നേരിടേണ്ട സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും എടുക്കേണ്ട നയതീരുമാനങ്ങളെക്കുറിച്ചുമാണ് 80 പേജുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. പലവിധ തീവ്രവാദങ്ങൾ വർധിക്കുന്നതും ആയുധങ്ങളുടെ ദുരുപയോഗവും സാമ്പത്തിക പ്രയാസങ്ങളും ഇക്കാലയളവിൽ ജനങ്ങളെ ദോഷകരമായി ബാധിക്കും. ഇവയെല്ലാം ഭീകരവാദവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. വിവിധ രാജ്യങ്ങളിൽ ഭീകരവാദ പ്രവർത്തനങ്ങളിലേർപ്പെടുന്ന 200 സംഘങ്ങളെ നിരീക്ഷിച്ചാണു റിപ്പോർട്ട് തയാറാക്കിയത്.

വാർത്തകളിൽ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഇടംനേടാറുണ്ടെങ്കിലും അവരുടെ ശക്തി ക്ഷയിക്കുകയാണ്. അൽഖായിദയ്ക്കാണു സംഘടനാശേഷി കൂടുതൽ. ഒസാമ ബിൻ ലാദന്റെ മരണശേഷം മകൻ ഹംസ ബിൻ ഒസാമ ബിൻ ലാദനാണ് അൽഖായിദയെ നയിക്കുന്നത്. സർക്കാരുകളുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും പിന്തുണ മിക്ക ഭീകരസംഘങ്ങൾക്കും കിട്ടുന്നു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും കൂടാതെ ലിബിയ, സിറിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിലും ഭീകരർ സജീവമാണ്. ഇവയ്ക്കെല്ലാം പരസ്പരബന്ധമുണ്ടെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*