ന്യൂഡല്‍ഹി: ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്ബറുകള്‍ റദ്ദാകില്ലെന്ന് ആധാര്‍ അതോറിറ്റിയും (യു.ഐ.ഡി.എ.ഐ.) ടെലികോം വകുപ്പും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കി ഉപയോക്താക്കള്‍ക്ക് ആധാര്‍ വേണമെങ്കില്‍ വിച്ഛേദിക്കാം. ആധാര്‍ ഇ-കെ.വൈ.സി. ഉപയോഗിച്ച്‌ എടുത്ത 50 കോടി കണക്ഷനുകള്‍ റദ്ദാകുമെന്ന വാര്‍ത്ത ശരിയല്ലെന്നും അധികൃതര്‍ അറിയിച്ചു.

മൊബൈല്‍ നമ്ബറുകള്‍ക്ക് ആധാര്‍ ആവശ്യമില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാനവിധിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആധാര്‍ ഇ-കെ.വൈ.സി. ഉപയോഗിച്ച്‌ നല്‍കിയ മൊബൈല്‍ നമ്ബറുകള്‍ റദ്ദാക്കണമെന്ന് വിധിയില്‍ ഒരിടത്തും പറയുന്നില്ല. അതിനാല്‍ ഇക്കാര്യത്തില്‍ ആശങ്കവേണ്ട. നിലവിലുള്ള നമ്ബറുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാര്‍ വിച്ഛേദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സേവനദാതാക്കളെ സമീപിച്ച്‌ അപേക്ഷ നല്‍കിയാല്‍ മതി. ആധാറിനുപകരമായി മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കണമെന്നു മാത്രം- പ്രസ്താവനയില്‍ പറയുന്നു.

പുതിയ സിംകാര്‍ഡുകള്‍ നല്‍കാനായി പ്രത്യേക കെ.വൈ.സി. സംവിധാനം രൂപവത്കരിക്കും. പുതിയ സിം കാര്‍ഡ് വേണ്ടവരുടെ അപേക്ഷ നല്‍കാനെത്തിയ സമയം ഉള്‍പ്പെടെയുള്ള വിവരങ്ങളടങ്ങിയ ഫോട്ടോ, തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള കെ.വൈ.സി. സംവിധാനമാണ് തയാറാക്കുന്നത്.

ആധാറിന് നിയന്ത്രണങ്ങളോടെ അംഗീകാരം നല്‍കിയ സുപ്രീംകോടതി, ക്ഷേമപദ്ധതികള്‍ക്കും പാന്‍ കാര്‍ഡിനും ആദായനികുതി റിട്ടേണ്‍ നല്‍കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

*