കെ.ജാഷിദ്
*ആസ്വദിക്കാനും വിമർശിക്കാനും കുറേയുണ്ട് കായംകുളം കൊച്ചുണ്ണിയിൽ
കെട്ടുകഥകളിലൂടെയും വാമൊഴികളിലൂടെയും ഇതിഹാസമായ തസ്കര നായകനാണ് കായംകുളം കൊച്ചുണ്ണി. മലയാളികളുടെ തസ്കര നായകൻ. സമ്പന്നരിൽ നിന്ന് അപഹരിച്ച സമ്പത്തും മുതലുകളും പാവപ്പെട്ടവർക്കും പട്ടിണിക്കാർക്കും വീതിച്ചുനൽകുന്ന സോഷ്യലിസമാണ് കൊച്ചുണ്ണിയെ ജനപ്രിയനാക്കിയത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല യാണ് മിത്തായി മാറിയ കായംകുളം കൊച്ചുണ്ണി എന്ന വീരപുരുഷനെക്കുറിച്ച് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല സോഴ്സ്. അതേ ഐതിഹ്യമാലയെ അവലംബമാക്കി ബോബി-സഞ്ജയ് ബ്രദേഴ്സ് തിരക്കഥ തയാറാക്കി .മലയാളി ഏറെ ആരാധിക്കുന്ന ഈ കഥാപാത്രത്തെ ചലചിത്രമായി റോഷന്‍ ആൻഡ്രൂസിന്‍റെ സംവിധാനത്തില്‍, ഗോകുലം ഗോപാലന്‍റെ നിര്‍മാണത്തില്‍ തീയേറ്ററില്‍ എത്തിയപ്പോള്‍ അത് മലയാള സിനിമയിലെ മറ്റൊരു ചരിത്രമായി മാറുകയായിരുന്നു. കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട്  കേരളത്തിലെ 359 തിയേറ്ററുകളിലാണ് സിനിമ പ്രദർശനത്തിനെത്തിയത്.റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മലയാളത്തിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ സിനിമയാണ് കായംകുളം കൊച്ചുണ്ണി.45കോടി ബഡ്ജറ്റിലാണ് ഗോകുലം ഗോപാലൻ കായംകുളം കൊച്ചുണ്ണി നിർമ്മിച്ചിരിക്കുന്നത്. ബഡ്ജറ്റിന് ഉതകുന്ന ഗാംഭീര്യത്തോടെ തന്നെ പടം തുടങ്ങുന്നു. എ.ഡി. 1830 ആണ് കാലഘട്ടം. മോഷ്ടാവായ കായംകുളം കൊച്ചുണ്ണിയെ തൂക്കിലേറ്റാനുള്ള തിരുവിതാംകൂർ മഹാരാജാവ് ഉത്രം തിരുനാളിന്റെ കൽപന വായിച്ച്, അതിനുള്ള  നടപടികൾ തുടങ്ങുന്നതാണ് ആദ്യ രംഗം. പിന്നീട് കൊച്ചുണ്ണിയുടെ മാസ് ഇൻ ട്രോ.അവിടെ നിന്നും ഏറെ ദൂരം പിന്നിലേക്ക് സഞ്ചരിച്ച് കുട്ടിക്കാലത്ത് നിന്നും കായംകുളം കൊച്ചുണ്ണിയുടെ കഥ അവതരിപ്പിച്ച് തുടങ്ങുകയാണ്.പട്ടിണിയാണ് കൊച്ചുണ്ണിയുടെ പിതാവായ ബാപ്പൂട്ടിയെ കള്ളനാക്കി മാറ്റുന്നത്. പിടിക്കപ്പെട്ട ബാപ്പൂട്ടിയെ നാട്ടുകാര്‍ തല്ലി അവശനാക്കി ഉടുമുണ്ടുരിഞ്ഞ് മരത്തില്‍ കെട്ടിയിടുന്നു. മായാത്ത മുറിവായ് കിടക്കുന്ന ആ കാഴ്ചയാണ്  കൊച്ചുണ്ണിയേക്കൊണ്ട് താന്‍ മോഷ്ടിക്കില്ല എന്ന തീരുമാനം എടുപ്പിക്കുന്നത്. കുട്ടിക്കാലത്തെ വേദനാ ജനകമായ രംഗങ്ങൾക്ക് ശേഷം പിന്നെ കാണിക്കുന്നത് കൊച്ചുണ്ണിയുടെ കൗമാരമാണ്.പൈങ്കിളി എന്ന ലാഘവത്തിലേക്ക് കൂപ്പുകുത്താത്ത പ്രണയാവതരണമാണ് കൊച്ചുണ്ണിയുടെ കൗമാരകാലത്തിലുള്ളത്.അത്രമേല്‍ തീവ്രവും ശക്തവുമായിട്ടാണ് കൊച്ചുണ്ണി എന്ന മുസല്‍മാന്റേയും ജാനകി എന്ന ശൂദ്രപ്പെണ്ണിന്റേയും പ്രണയത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനിടയിൽ കൊച്ചുണ്ണി തങ്ങളുടെ കീഴിൽ നിന്നും കളരി അഭ്യാസം പഠിക്കുന്നു. ഒരിക്കലും കളവ് നടത്തില്ല എന്ന് പറഞ്ഞ കൊച്ചുണ്ണിയെ  ദുരാഗ്രഹികളായ സവര്‍ണ മേലാളന്മാര്‍ തങ്ങളുടെ കൊള്ള മറയ്ക്കുവാന്‍ ഇരയാക്കി മാറ്റുകയാണ്. കൊച്ചുണ്ണി കള്ളനെന്ന് മുദ്ര കുത്തപ്പെടുന്നു.കൂടാതെ ശൂദ്രപ്പെണ്ണിന്റെയും മുസൽമാന്റേയും പ്രണയത്തെക്കുറിച്ചറിയുന്ന ഇവർ ജാനകിയെ മുടി മുറിച്ച് കല്ലെറിഞ്ഞ് നാട് കടത്തുന്നു.ചാട്ടവാറടിയും മര്‍ദ്ദനങ്ങളുമേറ്റ കൊച്ചുണ്ണിയെ മൂന്നുനാള്‍ തലകീഴായി കെട്ടിത്തൂക്കിയിടാനായിരുന്നു അവരുടെ തീരുമാനം.താൻ മരിക്കുമെന്ന് ഉറപ്പിച്ച നിമിഷത്തിൽ ഒരു ദൈവദൂതനെപ്പോലെ അയാൾ പ്രത്യക്ഷപ്പെടുകയാണ് “ഇത്തിക്കര പക്കി ” .കൊച്ചുണ്ണിയുടെ ബാല്യവും യൗവ്വനവും പ്രണയവും അഭ്യാസവുമായി പതിഞ്ഞ താളത്തില്‍ മുന്നോട്ട് നീങ്ങിയ സിനിമയ്ക്ക് പുതിയ താളം നല്‍കുന്നതായിരുന്നു മോഹൻലാലിന്റെ കഥാപാത്രമായ ഇത്തിക്കര പക്കിയുടെ രംഗപ്രവേശം.ഇതോടെ ഒന്നാം പകുതി ത്രില്ലിൽ അവസാനിക്കുന്നു.
                “ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചു കഴിഞ്ഞു, ഇനിയാ തെറ്റങ്ങ് ചെയ്ത് കാണിക്ക് ” എന്ന ഇത്തിക്കര പക്കിയുടെ വാക്കുകള്‍ കൊച്ചുണ്ണിയിൽ തന്നെയും തന്റെ പെണ്ണിന്റെയും ജീവിതം നശിപ്പിച്ചവർക്കെതിരെ പോരാടാനുള്ള വീര്യം നൽകുന്നു.ഇത് സിനിമയെ വേറൊരു താളത്തിലെത്തിക്കുന്നു. കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും കൂട്ടരും ഒന്നിക്കുന്നു.തങ്ങള്‍ ഗുരുക്കളില്‍ നിന്നും കളരി അടവ് പഠിച്ച കൊച്ചുണ്ണി ഇത്തിക്കര പക്കിക്ക് കീഴില്‍ ഒരു പോരാളിയ്ക്ക് വേണ്ട കരുത്താര്‍ജിക്കുന്നു.പാവപ്പെട്ടവരുടെ ആശ്രയവും സവര്‍ണ മേല്‍ക്കോയ്മയില്‍ മതിമറക്കുന്ന സമ്പന്നരുടെ പേടി സ്വപ്‌നവുമായി കൊച്ചുണ്ണി മാറുന്നു.അപ്രതീക്ഷിതമായ ചതിയും നിനക്കാതെ എത്തുന്ന കരുതലും പ്രേക്ഷകര്‍ക്ക് ത്രില്ലിംഗായ ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുന്നു.ക്ലൈമാക്സിലെത്തുമ്പോൾ ബാബു ആന്റണിയുടെ ഒരു ഹെവി സപ്പോർട്ട് കൂടിയാവുമ്പോഴേക്കും കളറായിത്തന്നെ ഒരു നിർണായകമുഹൂർത്തത്തിൽ പടം അവസാനിക്കുന്നു.
               മുമ്പൊരിക്കലും കാണാത്ത നിവിന്‍ പോളിയെ റോഷന്‍ ആൻഡ്രൂസ് കാണിച്ചു തരുന്നുണ്ട് കൊച്ചുണ്ണിയിലൂടെ.ഇത്തിക്കര പക്കിയിലൂടെ മോഹൻലാൽ തകര്‍ത്തുവാരിയപ്പോള്‍ തീയേറ്റര്‍ ഉത്സവപ്പറമ്പാകുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത് . കുറച്ചു നേരമേ ഉള്ളെങ്കിലും മോഹന്‍ലാല്‍ മാസ് കാഴ്ചകള്‍ തന്നെയാണ് കൊച്ചുണ്ണിയുടെ ഹൈലൈറ്റ്.ഏറെ നാളുകൾക്കു ശേഷം ബാബു ആൻ്റണിയുടെ പ്രൗഢ ഗംഭീരമായ കഥാപാത്രം അത്യുഗ്രനായിരുന്നു.കേട്ടും അറിഞ്ഞുമുള്ള കഥയെ സിനിമയാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന വെല്ലുവിളികള്‍ കായം കുളം കൊച്ചുണ്ണി പൂര്‍ണമായിട്ട് അതിജീവിച്ചിട്ടില്ല. ഹിറ്റുകള്‍ സ്ഥിരമായി ഒരുക്കുന്ന ബോബി-സഞ്ജയ്‌യുടെ തിരക്കഥ പലയിടത്തും വഴിമാറി സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. സൂത്രശാലിയായ മോഷ്ടാവ് എന്ന കൊച്ചുണ്ണിയുടെ ഇമേജിനോട് ചിത്രത്തിന് നീതി പുലര്‍ത്താനും കഴിഞ്ഞിട്ടില്ല. സാങ്കേതികതയുടെ കാര്യത്തിൽ പഴശിരാജയെക്കാളും ബഹുദൂരം മുന്നിലും ഉറുമിയെക്കാൾ താഴെയുമായിട്ടാണ്  കൊച്ചുണ്ണിയെ ആസ്വദിക്കാനായത്.വി എഫ് എക്സിനെ കുറിച്ച് പറയുകയാണെങ്കിൽ കടുത്ത നിരാശയാണ് ചിത്രം നൽകിയത്. ഗാനങ്ങള്‍ തൃപ്തികരമായിരുന്നു. അതേസമയം ചരിത്രത്തെ അതേപോലെ പകർത്തുകയല്ല കൊച്ചുണ്ണിയിൽ ചെയ്തിരിക്കുന്നത്. പക്ഷേ ചരിത്രം വിഷയമാക്കിയ മലയാള ചലച്ചിത്രങ്ങളുടെ പട്ടികയിലേക്ക് ഉശിരോടെ നെഞ്ചുംവിരിച്ചാണ് ‘കായംകുളം കൊച്ചുണ്ണി’യും പറന്നിറങ്ങുന്നത്.സിനിമ എന്തായാലും ഒരു എൻറർടൈനർ തന്നെ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

*