ന്യൂഡൽഹി: കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരായ മീടൂ വെളിപ്പെടുത്തലുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആരോപണമുന്നയിച്ച വനിതാ മാധ്യമപ്രവര്‍ത്തകര്‍. ലൈംഗിക അതിക്രമ ആരോപണങ്ങള്‍ തള്ളിയ അക്ബറിന്റെ നടപടിയില്‍ അദ്ഭുതമില്ല. പോരാട്ടം തുടരും. ആരോപണങ്ങളെ രാഷ്ട്രീയ ഗൂഢാലോചനയായി ചിത്രീകരിക്കാനുള്ള അക്ബറിന്റെ ശ്രമത്തെ നിയമപരമായി നേരിടുമെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

സംഭവത്തില്‍ രാജിവയ്ക്കില്ലെന്നു നിലപാടെടുത്തതോടെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അക്ബറിനെതിരെ നിയമ പോരാട്ടത്തിനിറങ്ങിയേക്കുമെന്നും സൂചനയുണ്ട്. അതേസമയം, തനിക്കെതിരെ ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എം.ജെ അക്ബര്‍ മാനനഷ്ടക്കേസ് നല്‍കുമെന്നാണു വിവരം. തന്നെ അക്ബര്‍ ബലമായി ചുംബിച്ചുവെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തക മജ്‌ലി ഡി പൈ കാംപ് പറഞ്ഞു.

അതേസമയം, അക്ബറിന്റെ രാജിക്കാര്യത്തിൽ ബിജെപി കേന്ദ്ര നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമായി. അക്ബറിനെതിരെ ആരോപണം ഉന്നയിച്ച ആരും തന്നെ പൊലീസിനെ സമീപിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം നേതാക്കൾ രാജിയെ പ്രതിരോധിക്കുന്നത്. എന്നാൽ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ രാജി വെച്ചില്ലെങ്കിൽ തിരിച്ചടിയാകുമെന്നു നിതിൻ ഗഡ്‌കരി അടക്കമുള്ള മറുഭാഗം വിലയിരുത്തുന്നു.

ആരോപണത്തിൽ വസ്തുത ഉണ്ടെങ്കിൽ മാത്രം രാജി വെച്ചാൽ മതിയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിലപാടെന്നാണ് സൂചന. അക്ബർ ഇ-മെയിൽ വഴി രാജി സമർപ്പിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ അജൻഡയുണ്ടെന്നാണ് ബിജെപിയുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിരോധം ശക്തമാക്കുന്നത്. രാജിയിലേക്കു കാര്യങ്ങൾ നീങ്ങിയാൽ, ഇരവാദം ഉയർത്തിക്കാട്ടി തിരഞ്ഞടുപ്പു പ്രചാരണം ഊർജിതമാക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. ആരോപണം ഉന്നയിച്ചവർക്കെതിരെ അക്ബർ ഉടൻ നിയമ നടപടികൾ ആരംഭിച്ചേക്കും.

അതേസമയം, മോദി മന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെ ഉയർന്ന ആരോപണം തിരഞ്ഞെടുപ്പിൽ പരമാവധി ഉയർത്തിക്കാട്ടി ബിജെപിയെ പ്രതിരോധത്തിലാക്കാനുള്ള ശ്രമത്തിലാണു കോൺഗ്രസ്. അക്ബർ രാജിവയ്ക്കും വരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്കാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രൂപം നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*