തണുത്തുറഞ്ഞ ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ സ്വന്തം സിയാച്ചിൻ യുദ്ധഭൂമിയെപ്പറ്റി ഒരു ചരിത്രാന്വേഷണം:-

Image result for siachen

കുട്ടിക്കാലത്ത് മദ്രാസ് റെജിമന്റിലെ ജവാനായിരുന്ന അഛൻ പറഞ്ഞകഥകളിലൂടെയാണ് തണുത്തുറഞ്ഞ മഞ്ഞുമലകളുള്ള കാശ്മീരിനേയും ആ കാശ്മീരിലെത്തന്നെ ഏറ്റവും തണുത്തുറഞ്ഞ ‘സിയാച്ചിൻ’ മലനിരകളെപ്പറ്റിയും ആദ്യമായറിയുന്നത്. പിന്നീട് പത്രത്താളുകളിലെ വാർത്തകളിലൂടെ പലവട്ടം ‘സിയാച്ചിൻ’ എന്ന യുദ്ധഭൂമിയെപ്പറ്റിയും അവിടെ ശത്രുസൈന്യത്തിന്റെ ആക്രമണത്തിലൂടെയല്ലാതെ പ്രകൃതിയോട് മല്ലടിച്ച് ജീവൻവെടിയുന്ന ഇന്ത്യൻസൈനികരെപ്പറ്റിയും അറിഞ്ഞു. “സിയാച്ചിൻ (Sichen)”.. ഹിമാലയസാനുക്കളുടെ ഉത്തുംഗശൃംഗങ്ങളിൽപ്പെട്ട മലനിരകൾ.ഇന്ത്യൻ ഉപഭൂഖണ്‌ഡത്തിലെ ഏറ്റവും വലിയ ശുദ്ധജലസമ്പത്തായ ‘സിയാച്ചിൻ മഞ്ഞുപ്രദേശം’ വേനൽക്കാലത്ത് ഉരുകി ‘നുബ്രാനദിയായി’ ഒഴുകുകയും പിന്നീട് മഹാനദിയായ ‘ഗംഗയിൽ’ ചേരുകയും ചെയ്യുന്നു. മനുഷ്യവാസം പോയിട്ട് അതിശൈത്യത്തിൽ ജീവിക്കുന്ന ജീവജാലങ്ങൾ പോലുമില്ലാത്ത അതിശൈത്യഭൂമി. താപനില ചിലപ്പോൾ മൈനസ് 50 വരെ താഴും. മലനിരകളിൽനിന്ന് ഏത് നിമിഷവും വീശിയടിക്കാൻ സാധ്യതയുള്ള ശൈത്യക്കാറ്റിന്റെ വേഗത മണിക്കൂറിൽ 300 കിലോമീറ്റർ/Hour വരെ റെക്കോർഡ് ചെയ്യപ്പെട്ട സ്ഥലം.

ജീവവായുവായ ഓക്സിജൻ വളരെ കുറഞ്ഞതോതിൽ മാത്രമുള്ള സമുദ്രനിരപ്പിനേക്കാൾ 5400 മീറ്റർ ഉയരത്തിലുള്ള പ്രദേശം. ഓരൊ ശ്വാസവും വേദനാജനകവും അതിജീവനവും ആകുന്ന ഭൂപ്രകൃതി. സിയാച്ചിനിലെത്തന്നെ ഏറ്റവും തണുപ്പുകൂടിയ സൈനികപോസ്റ്റാണ് ‘ബനാ പോസ്റ്റ്’. എല്ലുകോച്ചുന്ന തലുപ്പുള്ള ഇവിടെ വെറും മുപ്പതുദിവസം മാത്രമാണ് ഒരു ജവാനെ രാജ്യസുരക്ഷക്കായി നിയോഗിക്കുന്നത്. സിയാച്ചിനിലെ അതിശൈത്യത്തിൽ ഇന്ത്യൻ ജവാന്മാർ നേരിടുന്ന വെല്ലുവിളികൾ ശത്രുക്കളുടെ വെടിയുണ്ടകളേക്കാളേറെ ശാരീരികപ്രശ്നങ്ങളാണ്. ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കം (Frost Bite) ജവാന്മാരുടെ കൈകാലുകൾ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ശ്വാസകോശത്തിൽ നീര്കെട്ടി നിൽക്കുന്ന രോഗാവസ്ഥ എണ്ണമറ്റ ജവാന്മാരുടെ ജീവനെടുത്തു. ഏറ്റവും അധികം ജവാന്മാർ മരിക്കുന്നത് മഞ്ഞുമലകൾ ഇടിഞ്ഞ് ക്യാമ്പുകൾ മൂടപ്പെടുമ്പോഴാണ്. തുടർച്ചയായി ഓക്സിജൻ മാസ്കുകൾ ധരിക്കുന്നതുമൂലം രക്തത്തില്‍ രോണാണുക്കളുടെ ആധിക്യം കൂടുന്നതും മരണകാരണമാകുന്നു.ഇവയല്ലാതെ വിഷാദരോഗം,വിഭ്രാന്തി (ഹാലൂസിനേഷന്‍),ഓർമ്മക്കുറവ്,അവ്യക്തമായ സംഭാഷണം,മസ്തിഷ്കത്തിലെ വെള്ളക്കെട്ട് മുതലായ എണ്ണിയാലൊടുങ്ങാത്ത രോഗങ്ങളാണ് നമ്മുടെ ജവാന്മാർ ‘സിയാച്ചിനിൽ’ നേരിടുന്നത്.

‘സിയാച്ചിനിൽ’ ആറുമാസത്തിലധികം ഒരു ജവാനെ ഡ്യൂട്ടിക്കിടാറില്ല. ഫ്രെഷായുള്ള ഭക്ഷണം സ്വപ്നങ്ങളിൽ മാത്രം. ഇന്ത്യൻ എയർ ഫോഴ്സ്/ ആർമി ഹെലിക്കോപ്റ്ററുകളിൽ എത്തിക്കുന്ന ഭക്ഷണമാണ് ആകെയുള്ള ആശ്വാസം.ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാടായ ‘സോനം’ ഇവിടെയാണ് ഇന്ത്യനാർമി നിർമ്മിച്ചിരിക്കുന്നത്,അതും സമുദ്രനിരപ്പിനേക്കാൾ 21,000 അടി മുകളിൽ.പഴങ്ങളുടെ അവസ്ഥ അതിലും ദയനീയം!! ആപ്പിളും ഓറഞ്ചും മാങ്ങയുമൊക്കെ സിയാച്ചിനിലെ ജവാന്റെ കൈകളിലെത്തുന്നത് തണുത്തുറഞ്ഞ് കല്ലുപോലെയാണ്. അത് മണ്ണെണ്ണ സ്റ്റൗവിൽ ചൂടാക്കിയാണ് ഭക്ഷണയോഗ്യമാക്കുന്നത്.കുടിവെള്ളവും മഞ്ഞുകട്ടകൾ ഗ്യാസ്റ്റൗവിൽ ചൂടാക്കിയാണ് ഉണ്ടാക്കിയെടുക്കുന്നത്. ജവാന്മാർക്ക് താമസിക്കുവാൻ ആർട്ടിക്ക് മേഖലയിലെ ജനങ്ങളെപ്പോലെ ഫൈബർ ഗ്ലാസ്സ് പാനലുകൾ ചേർത്തുവെച്ച് ‘ഇഗ്ലൂ വീടുകൾ’ നിർമ്മിച്ചുകൊടുത്തിട്ടുണ്ട്. ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കം (Frost Bite) തടയുവാൻ പ്രത്യേകം കൈകാലുകളിലിടുന്ന ഗ്ലൗസുകളും ജവാന്മാർക്ക് നല്കപ്പെടുന്നു. തൊണ്ണൂറുദിവസത്തെ പോസ്റ്റിങ്ങിലെ ഉപയോഗത്തിനായി 14 ജോഡി ഗ്ലൗസുകളാണ് നല്കുന്നത്. ഇവ കഴുകിയുപയോഗിക്കൽ ഒരിക്കലും നടക്കില്ല.

ഇന്ത്യൻ ജവാന്മാർക്ക് ശത്രുക്കളുടെ നുഴഞ്ഞുകയറ്റം തടയാൻ അതിർത്തിയിലെ അരയറ്റവും അതിലധികവും വരുന്ന മഞ്ഞിലൂടെ എന്നും റോന്തുചുറ്റുക എന്നതാണ് വെല്ലുവിളി. എന്നാൽ അതിനേക്കാളേറെ വെല്ലുവിളി അവരവരുടെ ക്യാമ്പിലടിയുന്ന അന്നന്നത്തെ മഞ്ഞുകൂമ്പാരങ്ങൾ ദിവസേന ഷവലുപയോഗിച്ച് മാറ്റണം എന്നതാണ്. തങ്ങളുടെ പ്രധാന ആയുധങ്ങളായ ലൈറ്റ് മെഷീൻ ഗണ്ണുകൾ അതിശൈത്യത്തിൽ ജാമാകാതിരിക്കാൻ സ്റ്റൗവിൽ ചൂടാക്കിക്കൊണ്ടേയിരിക്കണം!! കാരണം പാക്കിസ്ഥാനിപ്പട്ടാളം ഒരുവിളിപ്പാടകലെ താഴ്വരയിൽ ഒരു അവസരത്തിനായികാത്തിരിക്കുകയാണ്. കുളിക്കുന്നത് മാസത്തിലൊരിക്കൽ മാത്രം. അതും ഡി.ആർ.ഡി.ഒ പ്രത്യേകം നിർമ്മിച്ച കമോഡ്സിനുള്ളിൽ!! കാരണം സിയാച്ചിനിൽ തണുത്ത വെള്ളത്തിലെ ഒരുകുളി അടുത്ത നിമിഷം തന്നെ മരണത്തിന് കാരണമായേക്കാം. ഒരുദിവസം ഏകദേശം 5 കോടിരൂപ ചിലവിട്ടാണ് സിയാച്ചിനിൽ നമ്മുടെ സൈന്യം ഇന്ത്യയുടെ പരമാധികാരം നിലനിർത്തുന്നത് . ഇത്രയധികം കഷ്ടപ്പാടിനിടയിലും സിയാച്ചിൻ മഞ്ഞുമലയുടെ മൂന്നിൽ രണ്ടുഭാഗം ഇന്നും ഇന്ത്യനാർമിയുടെ അധീനതയിലാണ്. ‘സിയാ ലാ, ‘ബിൽഫൊൺഡ് ലാ’ എന്നീ രണ്ട് പ്രധാന പാസ്സുകളും ഇന്ത്യൻ അധീനതയിലാണ്.
ഇത്രയധികം വെല്ലുവിളികൾ നേരിട്ടാണ് മാതൃരാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ നമ്മുടെ ജവാന്മാർ അതിർത്തികാക്കുന്നത്. സുഖലോലുപതയുടെയും ശാന്തിയുടേയും സമാധാനത്തിന്റേയും ദിനങ്ങൾ നമുക്ക് ലഭിക്കുന്നത് ഇങ്ങനെ കുറച്ച് മനുഷ്യരുടെ കഷ്ടപ്പാടിന്റെ ഫലംകൂടിയാണ്. അന്ധമായ രാഷ്ട്രീയചിന്തകൾ വെച്ചുപുലർത്തുന്ന പലരും സിയാച്ചിൻ പോലെയൊരു മേഖലയിൽ ഒരു ദിവസം, വെറും ഒരു ദിവസം താമസിച്ചാൽ ആർമിക്കെതിരായ അഭിപ്രായങ്ങൾ അന്നു തന്നെ മാറും,തീർച്ച.

സിയാച്ചിനിൽ യുദ്ധമുണ്ടായത് 1984 ഏപ്രിൽ 13 നാണ്. അതിന് കാരണമായത് 1972 ലെ ‘സിംല കരാറും’. സ്വാതന്ത്ര്യാനന്തരം 1948 മുതൽ 1949 വരെ ഇന്ത്യയും പാക്കിസ്ഥാനും കാശ്മീരിനായി യുദ്ധം ചെയ്യുകയും യുദ്ധാവസ്സാനം യു.എൻ ഇടപെട്ട് ഇരുരാജ്യങ്ങളേയും വേർതിഷിച്ച് ‘ലൈൻ ഓഫ് കൺട്രോൾ ‘ എന്ന അതിർത്തി അന്തിമമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 1972 ജൂലൈ 2ന് ഷിംലയിൽ വെച്ച് ഏർപ്പെട്ട ഈ കരാർ പിൽക്കാലത്ത് ‘ഷിംലാക്കരാർ’ എന്നറിയപ്പെട്ടു. ഈ കരാർ പ്രകാരം ‘ലൈൻ ഓഫ് കൺട്രോൾ ‘ അവസ്സാനിക്കുന്ന പോയിന്റായ ‘NJ 9842’ വരെ ഇരുരാജ്യങ്ങളും സമാധാനപരമായി കാശ്മീർപ്രശ്നത്തിന് ഒരുതീരുമാനമുണ്ടാകുന്നതുവരെ അതിർത്തിയായി പ്രഖ്യാപിച്ചു. ‘NJ 9842’ പോയിന്റിനപ്പുറം മനുഷ്യവാസയോഗ്യമല്ലാത്ത മഞ്ഞുമലകളായിരുന്നതുകൊണ്ട് ‘സിയാച്ചിൻ’ മലകളെപ്പറ്റി 1949 ലെയോ 1972ലെയോ കരാറുകളിൽ വ്യക്തമായൊന്നും പറഞ്ഞിരുന്നില്ല. പക്ഷേ ആരും പ്രതീക്ഷിക്കാതെ പഞ്ചശീലതത്വത്തിലൂന്നി മുന്നോട്ടുപോയ ഇന്ത്യ-ചൈന ബന്ധം ഉലയുകയും അത് 1962 ലെ ഇന്ത്യ-ചൈനയുദ്ധത്തിൽ കലാശിക്കുകയും ചെയ്തു. ക്രമേണ പാക്കിസ്ഥാൻ ചൈനയോട് അടുക്കുകയും ചൈനയുടെ സാമ്പത്തിക/പ്രതിരോധ കൂട്ടാളിയാവുകയും ചെയ്തത് മറ്റൊരു ചരിത്രം.

സിയാച്ചിൻ്റെ ഏകദേശം 75 കിലോമീറ്റർ ത്രികോണാകൃതിയിൽ വിസ്തൃതമായ ഒരുവശത്ത് ഇന്ത്യയും മറ്റ് രണ്ട് വശങ്ങളിൽ പാക്കിസ്ഥാനും ചൈനയും അതിർത്തിപങ്കിടുന്നു.പാക്കിസ്ഥാന്റെ കൈവശമുള്ള കാശ്മീരിലെ ‘കാരക്കോറം മലകളാണ്’ പടിഞ്ഞാറ് പാക്കിസ്ഥാനുമായുള്ള അതിർത്തി പ്രദേശം. പണ്ട് പാക്കിസ്ഥാൻ ചൈനക്ക് ‘ഫ്രണ്ട്ഷിപ്പിന്റെ പുറത്ത്’ തീറെഴുതിക്കൊടുത്ത ‘ഷക്സാം താഴ്വരയാണ്’ വടക്ക് ചൈനീസ് അതിർത്തിയിലുള്ളത്. അതായത് ഇരു താഴ്വരകൾക്കുമിടയിലെ ഉയർന്ന പ്രദേശമാണ് നമ്മുടെ ‘സിയാച്ചിൻ മലകൾ’. അപ്പോൾത്തന്നെ ഇതിന്റെ പ്രതിരോധത്തിന്റെ ആവശ്യകത നമുക്ക് മനസ്സിലാക്കാം. ഭൂവിസ്തൃതിയിൽ പാക്കിസ്ഥാനേക്കാൾ പലമടങ്ങ് (കൃത്യമായിപ്പറഞ്ഞാൽ പന്ത്രണ്ട് മടങ്ങ്) വിസ്തൃതമായ ചൈനക്ക് 1963ൽ വെറും 5800 സ്ക്വയർകിലോമീറ്റർ കാശ്മീരിന്റെ ഭാഗമായിരുന്ന ‘ഷക്സാം താഴ്വര’ ‘പാക്കിസ്ഥാൻ’ ഇഷ്ടദാനമായി ‘ചൈനക്ക്’ നല്കി. 1962 ലെ ഇന്ത്യാ-ചൈനായുദ്ധത്തിനുശേഷം ‘ശത്രുവിന്റെ ശത്രു മിത്രം’ എന്ന ചരിത്രാതീതകാലം മുതലുള്ള യുദ്ധതന്ത്രം ചൈനയേയും പാക്കിസ്ഥാനേയും തമ്മിൽ കൂടുതലടുപ്പിച്ചു. പൊതുശത്രുവിനെ നേരിടാൻ പഴയ ചരിത്രരേഖകളും കള്ളക്കഥകളും പറഞ്ഞ് ‘ഷക്സാം താഴ്വര’ ‘ചൈന’ സ്വന്തമാക്കി. അന്നേ ഇന്ത്യൻ രഹസ്യാന്വേണ സംഘടനകൾ ഈ നീക്കത്തെ സംശയദൃഷ്ടിയോടെയാണ് കണ്ടത്. അതാണല്ലോ അവരുടെ തൊഴിലും!!

പക്ഷേ 1963 ലെ ചൈന-പാക് ‘ഭാഗംവെപ്പ്’ എന്തിനായിരുന്നു എന്ന് ഇന്ത്യക്ക് മനസ്സിലാകാൻ 1970 വരെ കാത്തിരിക്കേണ്ടിവന്നു. പാക്കിസ്ഥാൻ രാജ്യാന്തര പർവ്വതാരോഹകർക്ക് ‘സിയാച്ചിനിൽ’ പര്യവേഷണത്തിന് അനുമതി നല്കിത്തുടങ്ങി. തുടക്കത്തിൽ ചെറിയതോതിലും പിന്നീട് വൻതോതിലും വിദേശ/പാക്കിസ്ഥാനി പർവ്വതാരോഹ/പര്യവേഷണ സംഘങ്ങൾ സിയാച്ചിനിലെത്തുക പതിവായി. 1970 വരെ ഇത് തുടർന്നു. ഇന്റ്യനാർമിയോ രഹസ്യാന്വേഷണസംഘടനകളോ സ്ഥിതിഗതികൾ കാര്യമായെടുത്തില്ല. പക്ഷേ സ്ഥിതിഗതികൾ മാറ്റിമറിച്ചത് 1970 ൽ ‘ഇന്റ്യനാർമി മൗണ്ഡൻ വാർഫെയർ സ്ക്കൂൾ’ ഇൻചാർജായിരുന്ന് ‘കേണൽ.കുമാറിന്’ ഒരു ജർമ്മൻ പർവ്വതാരോഹകന്റെ കയ്യിൽനിന്നും ലഭിച്ച അമേരിക്കയിൽ അച്ചടിച്ച കാശ്മീർ ഭൂപടമായിരുന്നു!! വടക്കൻ കാരക്കോറം മുതൽ സിയാച്ചിൻ അടക്കം കാശ്മീരിന്റെ നല്ലൊരുഭാഗം അതിൽ പാക്കിസ്ഥാന്റേതാണെന്ന് അതിൽ അടയാളപ്പെടുത്തിയിരുന്നു. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യൂണിയനെതിരെയുള്ള യുദ്ധത്തിൽ ‘അമേരിക്കൻ’ ചേരിയിൽ നിന്ന പാക്കിസ്ഥാൻ അവരുടെ പിന്തുണയോടെ ഒരു യുദ്ധത്തിലൂടെയോ നയതന്ത്ര വിജയത്തിലൂടെയോ സിയാച്ചിൻ സ്വന്തമാക്കാൻ ശ്രമിക്കുമെന്ന് ഇന്ത്യ ഉറപ്പിക്കാൻ ഇത് കാരണമായി. കേണൽ.കുമാർ ആ ഭൂപടം ഡി.ജി.എം.ഒക്ക് (Director General of Military Operations) അയച്ചുകൊടുത്തു. പക്ഷേ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് സായുധമായൊരുനീക്കമുണ്ടാകാത്തത് കൊണ്ട് മറുപടി തണുപ്പൻ മട്ടിലാണ് ഡി.ജി.എം.ഒയീൽ നിന്നും ലഭിച്ചത്. പകരം കേണൽ.കുമാറിന്റെ നേതൃത്വത്തിൽ ഒരു പർവ്വതാരോഹ/പര്യവേഷണ സംഘത്തെ സിയാച്ചിനിലേക്ക് അയക്കാൻ തീരുമാനമായി.

സിയാച്ചിനിലെത്തിയ കേണൽ.കുമാറിന്റെ സംഘത്തെ വരവേറ്റത് തലക്കുമുകളിലൂടെ പാറിപ്പറന്ന് കളർ സ്മോക്കുകളെറിഞ്ഞ പാക്കിസ്ഥാനി ഹെലിക്കോപ്റ്ററുകളായിരുന്നു. മഞ്ഞുമലകളിലെ പാക്-പര്യവേഷണസംഘങ്ങൾ ഉപേക്ഷിച്ച പാഴ്-വസ്തുക്കൾകൂടി കണ്ടപ്പോൾ പാക്കിസ്ഥാൻ കിഴക്കൻപാക്കിസ്ഥാനിലേറ്റ പരാജയത്തിന്റെ തിരിച്ചടിയായി ‘സിയാച്ചിൻ’ പിടിച്ചടക്കാനുള്ള യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന സംശയത്തിന് ആക്കം കൂടി. കേണൽ.കുമാറിന്റെ കണ്ടതെല്ലാം തെളിവുസഹിതം ഇന്ത്യനാർമി ജനറലുകളെയറിയിച്ചു. അപ്പോഴും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് സായുധമായൊരുനീക്കമില്ല എന്ന പഴയ പല്ലവിതന്നെ അവരാവർത്തിച്ചു.1981ൽ കേണൽ.കുമാറിന്റെ സംഘം സിയാച്ചിനിൽ എത്തുകയും വടക്ക് ചൈനീസ് അതിർത്തി വരെയെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വ്യക്തമായ ഭൂപടം തയ്യാറാക്കി. 1984 തുടക്കത്തിലെ പാക്കിസ്ഥാൻ ആർമിയുടെ ഭാഗത്തുനിന്നുണ്ടായ ഒരു ‘മണ്ടത്തരം’ ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയായ റോ (Research and Analysis Wing) കണ്ടെത്തിയതായിരുന്നു യുദ്ധത്തിൽ വഴിത്തിരിവായതും ഫലം ഇന്റ്യക്കനുകൂലമായതും!! പർവ്വതങ്ങളിലെ യുദ്ധത്തിനാവശ്യമായ മൗണ്ഡൻ ക്ലോത്തുകളും ആർട്ടിക് ഗിയറുകളും വാങ്ങാൻ പാക്കിസ്ഥാൻ ആർമി രഹസ്യമായി ‘ലണ്ടൻ’ ആസ്ഥാനമായൊരു കമ്പനി ഓർഡർകൊടുത്തു. മണ്ടത്തരമെന്ന് പറഞ്ഞത് ഇന്ത്യൻ ആർമി 1983ൽ ആർട്ടിക് പര്യവേഷണത്തിന് ആർട്ടിക് ഗിയറുകൾ വാങ്ങിയ അതേകമ്പനിയായിരുന്നു അത്. ‘റോ’ ഏജന്റ്സിന് കമ്പനിയിൽ നിന്നും വിവരങ്ങൾ ചോർത്തികിട്ടിയതോടെ ഇന്തോ-പാക് നിശബ്ദ യുദ്ധത്തിന് തിരശ്ശീലയുയർന്നു.

ഇന്ത്യൻ മിലിട്ടറി വിവരമറിഞ്ഞ് തൊട്ടടുത്ത ദിവസംതന്നെ 1984 ഏപ്രിൽ 13 ന് ഓപ്പറേഷൻ ‘മേഘ്ദൂത്’ എന്ന ഓപ്പറേഷനിലൂടെ അതീവ രഹസ്യമായി ജവാന്മാരുടെ പർവ്വതാരോഹണസംഘങ്ങളെ സിയാച്ചിനിലേക്കയച്ചു. ദിവസങ്ങൾക്കകം ആദ്യ സംഘങ്ങൾ സിയാച്ചിനടുത്തെത്താറായപ്പോഴേക്കും ഇന്ത്യനാർമിയുടെ കുമയോൺ റജിമെന്റിലെ ജവാന്മാരേയും വഹിച്ചുകൊണ്ട് ഇന്ത്യൻ എയർഫോഴ്സ് ഹെലിക്കോപ്റ്ററുകൾ സിയാച്ചിനിലെത്തി. ആദ്യ സംഘങ്ങളെ എയർ ലിഫ്റ്റ് ചെയ്യാതിരുന്നതിന് കാരണം പാക്കിസ്ഥാനി റഡാറുകൾ ഈ നീക്കം മനസ്സിലാക്കുകയും പെട്ടെന്ന് അതിർത്തിയിലേക്കെത്തുമെന്നറിഞ്ഞുകൊണ്ടാണ്. ഇന്ത്യൻ എയർഫോഴ്സ് ഹെലിക്കോപ്റ്ററുകളുടെ തുടർച്ചെയായുള്ള സാമീപ്യം മനസ്സിലാക്കിയ പാക്കിസ്ഥാൻ അതിവേഗം സ്വന്തം ആർമിയെ സിയാച്ചിൻ മലനിരകളിലേക്കയച്ചു. പിന്നെ നടന്നത് ഒരു ‘ഉയരത്തിലെത്താനുള്ള മത്സരമായിരുന്നു’. തുടക്കത്തിലേ മുന്നേറിയ ഇന്ത്യനാർമിയുടെ ജവാന്മാർ പ്രധാനപ്പെട്ട മൂന്ന് പോസ്റ്റുകളിൽ രണ്ട് പോസ്റ്റുകൾ കീഴടക്കി. ‘സിയാ ലാ, ‘ബിൽഫൊൺഡ് ലാ’ എന്നീ പോസ്റ്റുകളാണ് ഇന്ത്യനാർമിയുടെ ജവാന്മാർ കീഴടക്കിയത്. മിച്ചമുള്ള താഴ്വാരത്തെ ‘ഗ്യാങ്ങ് ലാ’ പാസ്സ് പാക്കിസ്ഥാനും സ്വന്തമാക്കി. ഇരു ആർമികളും തുടർന്ന് പലതവണ ഈ പാസ്സകൾക്കായി പരസ്പരം ആക്രമിച്ചുകൊണ്ടേയിരുന്നു. ഇതിൽ പ്രശസ്തമായത് പിൽക്കാലത്ത് പാക്കിസ്ഥാൻ ഭരിച്ച പട്ടാള ജനറൽ ‘പർവേസ് മുഷറഫിന്റെ’ നേതൃത്വത്തിൽ നടന്ന ആക്രമണമായിരുന്നു. പാക്കിസ്ഥാൻ പട്ടാളത്തിന്റെ ആ ആക്രമണത്തെ ഇന്ത്യൻ ജവാന്മാർ നിഷ്പ്രഭമാക്കി. സ്ഥിരമുണ്ടാകുന്നതുപോലെ മഞ്ഞിലൂടെ പർവേസ് മുഷറഫും ബാക്കിവന്ന പാക്കിസ്ഥാനിപ്പട്ടാളക്കാരും കിട്ടിയജീവനുമായി തോറ്റോടി.(അതാണല്ലോ ശീലം??) ഒടുവിൽ പാക്കിസ്ഥാൻ 2003 ഓടെ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഇന്ത്യ സിയാച്ചിന്റെ അധിപരാവുകയും ചെയ്തു. ഇന്ന് ഇന്ത്യക്കുള്ളിൽ നിന്നും പുറത്തുന്നും ധാരാളം പർവ്വതാരോഹ/പര്യവേഷണ സംഘങ്ങൾ സിയാച്ചിനിലെത്തുന്നു,’ഇന്ത്യൻ അനുമതിയോടെ!!??‘..

പക്ഷേ ഇരുപക്ഷത്തേയും മരണങ്ങൾ ആയിരങ്ങൾ കവിഞ്ഞപ്പോൾ ഒരു സമാധാന ഉടമ്പടിക്കായി രണ്ട് രാജ്യത്തേയും മനുഷ്യാവകാശസംഘടനകൾ മുന്നോട്ട് വരുകയും തുടർന്ന് ലോകത്തിലെ ഏറ്റവും ഉയരത്തിലെ യുദ്ധഭൂമി പട്ടാളമുക്തമാക്കാൻ ചർച്ചകൾ പുരോഗമിക്കുകയും ചെയ്തു.പക്ഷേ 1999 ൽ ഇതേരീതിയിൽ ‘കാർഗിലിൽ’ പിന്നീന്ന് കുത്തി പാക്കിസ്ഥാൻ തനിനിറംകാട്ടിയപ്പോൾ ഇന്ത്യ ഒരിക്കൽക്കൂടി നൂറുകണക്കിന് ജവാന്മാരുടെ ജീവൻ നല്കി ‘ടൈഗർ ഹിൽസ്’ അടക്കം പിടിച്ചെടുത്ത് കാർഗിൽ യുദ്ധം വിജയിച്ചു. തുടർന്ന് സിയാച്ചിനിലടക്കം ആർമി അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിച്ചും നൂതനശാസ്ത്രസാങ്കേതിക വിദ്യകളുപയോഗിച്ച് ജവാന്മാരുടെ ജീവിതം ആയാസകരമാക്കുകയും ചെയ്തു എന്നതും ചരിത്രം..

എഴുതിയത്- പ്രിൻസ് പവിത്രൻ

Leave a Reply

Your email address will not be published. Required fields are marked *

*