ശബരിമല: ഇനി മുതല്‍ അയ്യപ്പ ഭക്തര്‍ക്ക് അരവണയും അപ്പവും പമ്പയിലും നല്‍കാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഈ മാസം 13 മുതല്‍ ഇതിനായി പമ്പയില്‍ പുതിയ കൗണ്ടറുകള്‍ തുറക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. ഇന്ന്  ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

ശബരിമല സന്നിധാനത്ത് മൊബൈല്‍ ഫോണിന് ദേവസ്വം ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തി. ശബരിമല സോപാനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി. പതിനെട്ടാംപടിക്ക് മുകളില്‍ സന്നിധാനത്ത് മൊബൈല്‍ഫോണ്‍ അനുവദിക്കാന്‍ അനുവദിക്കില്ലെന്നാണ് ദേവസ്വം അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

സന്നിധാനത്ത് ആദ്യം മൊബൈല്‍ പിടിച്ചാല്‍ താക്കീത് നല്‍കും. എന്നാല്‍ തെറ്റ് ആവര്‍ത്തിച്ചാല്‍ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കുമെന്നും എന്‍ വാസു അറിയിച്ചു.സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നേരത്തെ തന്നെ നിരോധനം ഉണ്ടായിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ശ്രീകോവിലിന്റെയും പ്രതിഷ്ഠയുടെയും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലരും പ്രചരിപ്പിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് മൊബൈല്‍ ഫോണുകള്‍ക്കുള്ള നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. സമൂഹമാധ്യമങ്ങളില്‍ ശബരിമലയെ മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും ദേവസ്വംബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.


LEAVE A REPLY

Please enter your comment!
Please enter your name here