Pre Vyga 2020Pre Vyga 2020

തളിപ്പറമ്പ്: മാറുന്ന കാലത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നതാകണം വിദ്യാഭ്യാസമെന്നും ഇന്നത്തെ ലോകത്ത് ഡിജിറ്റല്‍ സിറ്റിസണ്‍ഷിപ്പ് പാഠ്യവിഷയമാക്കണമെന്നും നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കുട്ടികളുടെ അഭിരുചികളോടും ആകാംക്ഷയോടും ചേര്‍ന്ന് നിന്നാല്‍ വിദ്യാഭ്യാസം മികച്ച അനുഭവമാകുമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മണ്ഡലം ഡിജിറ്റല്‍ ടീച്ചിംഗ് ലേണിംഗ് പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗത അധ്യാപന രീതിക്ക് പകരം ഡിജിറ്റല്‍ ലോകത്തേക്ക് കുട്ടികളെ കൊണ്ടു പോകുന്നതിനുള്ള ശ്രമമാണ് നടക്കേണ്ടത്. ഡിജിറ്റല്‍ ലോകത്ത് ഒരു പൗരന്‍ എങ്ങനെയായിരിക്കണമെന്നും അതിന്റെ നല്ലതും കെട്ടതുമായ വശങ്ങള്‍ മനസിലാക്കാനും ചെറുപ്പത്തില്‍ തന്നെ കുട്ടികള പഠിപ്പിക്കണം. അറിവിന്റെ ആകാശം കണ്ടെത്താന്‍ പറ്റുന്ന വലിയ ലോകത്താണ് നാം ജീവിക്കുന്നതെന്നും ആ ലോകത്തേക്ക് കുട്ടികളെ നയിക്കാനും വഴികാട്ടാനും അധ്യാപകര്‍ക്ക് കഴിയണമെന്നും സ്പീക്കര്‍ കുട്ടിച്ചേര്‍ത്തു.

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ 106 ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 440 ക്ലാസ്സ് മുറികളാണ് ഡിജിറ്റല്‍ ക്ലാസ്സ് റൂമുകളാക്കിയിട്ടുള്ളത്. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ സമൂഹത്തിന്റെ നന്മക്കായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിച്ച സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ടെക്‌നോളജി വഴിയാണ് ഡിജിറ്റല്‍ ടീച്ചിങ് ലേര്‍ണിംഗ് പ്ലാറ്റ്ഫോം തയ്യാറാക്കിയത്. ഓരോ ക്ലാസ്സ് മുറികളിലും 43 ഇഞ്ചിന്റെ ഡിസ്‌പ്ലേ പാനല്‍, പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയറില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ബോക്‌സ്, വയര്‍ലെസ്സ് കീ ബോര്‍ഡ്, മൗസ് എന്നിവയാണ് പദ്ധതിയിലൂടെ നല്‍കിയത്. ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ സ്ഥാപിച്ച സ്റ്റുഡിയോയും, അനുബന്ധ സെര്‍വറുകളുമാണ് പ്രോജക്ടിന്റെ കേന്ദ്രം. മണ്ഡലത്തിലെ 106 സ്‌കൂളുകളും കേബിള്‍ ടിവി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ഉപയോഗിച്ച് കോളേജുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. കോളേജിലെ സ്റ്റുഡിയോയില്‍ നിന്നും നല്‍കുന്ന ക്ലാസ്സുകള്‍ മുഴുവന്‍ ക്ലാസ്സ് മുറികളിലും എത്തിക്കുന്നതോടൊപ്പം കോളേജില്‍ സ്ഥാപിച്ചിട്ടുള്ള സെര്‍വറുകളിലും ശേഖരിക്കപ്പെടുന്നു. ഓരോ ക്ലാസ്സുകള്‍ക്കും ആവശ്യമുള്ള പാഠഭാഗങ്ങള്‍ സെര്‍വറുകളില്‍ നിന്നും എടുക്കാന്‍ സാധിക്കും. ഇന്റര്‍നെറ്റ് സഹായം ആവിശ്യമില്ല എന്നതാണ് പ്രത്യേകത. കോളേജിന്റെ കമ്പ്യൂട്ടര്‍ ശൃംഖല സ്‌കൂളുകളിലേക്ക് വ്യാപിപ്പിച്ചതിനാല്‍ അധിക ചാര്‍ജുകള്‍ ആവശ്യമില്ല.

വിദ്യാലയങ്ങള്‍ തമ്മില്‍ വീഡിയോ കോണ്‍ഫെറന്‍സിങ്ങ് സംവിധാനവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഒരു സ്‌കൂളില്‍ നിന്നും മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസെടുക്കാനും സാധിക്കും. കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ തടസ്സം നേരിട്ടാല്‍ പെന്‍ ഡ്രൈവോ, മൊബൈല്‍ ഫോണോ, ടാബ്ലറ്റൊ ഉപയോഗിച്ച് നേരിട്ടും ആന്‍ഡ്രോയിഡ് ബോക്‌സ് എന്ന ഉപകരണം പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഒരോ ക്ലാസ്സ് റൂമും കേന്ദ്ര ശൃംഖലയുടെ ഭാഗമായും സ്വതന്ത്രമായും പ്രവൃത്തിപ്പിക്കാന്‍ കഴിയും. പദ്ധതിയിയുടെ ഭാഗമായി വിവിധ ഭാഗങ്ങളിലായി ക്യാമറകള്‍ സ്ഥാപിക്കുകയും അവ സെര്‍വറുകളുമായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്യാമറകളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ സെര്‍വറുകളില്‍ ശേഖരിക്കപ്പെടും. സ്‌കൂളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കൂടി ബന്ധപ്പെടുത്താവുന്ന രീതിയിലാണ് ഈ സംവിധാനം.
തളിപ്പറമ്പ് സി എച്ച് എം എല്‍പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജെയിംസ് മാത്യു എം എല്‍ എ അധ്യക്ഷനായി.


LEAVE A REPLY

Please enter your comment!
Please enter your name here