ന്യൂഡല്‍ഹി: ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി എന്‍സിപി മേധാവി ശരദ് പവാര്‍. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഖ്യമുണ്ടാക്കാന്‍ ആവശ്യപ്പെട്ടത്. മകള്‍ സുപ്രിയ സുലെയെ കേന്ദ്രമന്ത്രിയാക്കാമെന്ന വാഗ്ദാനമുണ്ടായിരുന്നെന്നും ശരദ് പവാര്‍ പറഞ്ഞു. ഒരു മറാഠി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പവാറിന്റെ വെളിപ്പെടുത്തല്‍.

മോദിയുടെ വാഗ്ദാനങ്ങള്‍ താന്‍ നിരസിക്കുകയായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധം വളരെ നല്ലതാണ്. അവ അങ്ങനെ തന്നെ തുടരുമെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും മോദിയോട് വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രപതിയാക്കാമെന്ന് മോദി സര്‍ക്കാര്‍ വാഗദാനം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി.

ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ പൂനെ ജില്ലയിലെ ബാരാമതിയില്‍ നിന്നുള്ള ലോക്സഭാ അംഗമാണ്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നാടകീയമായ സംഭവ വികാസങ്ങള്‍ നടക്കുന്നതിനിടെയാണ് ഡല്‍ഹിയില്‍ പവാര്‍-മോദി കൂടിക്കാഴ്ച നടന്നത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്് വേളയില്‍ മോദി പലപ്പോഴും പവാറിനെ പ്രശംസിച്ച് സംസാരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here