Pre Vyga 2020Pre Vyga 2020

തിരുവനന്തപുരം: ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കളളക്കടത്ത്, അനധികൃതമായി പണംകൈമാറല്‍, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് എന്നിവ സംബന്ധിച്ച് വ്യക്തമായി വിവരം ലഭിക്കുന്ന സാഹചര്യത്തിലും അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കുമ്പോഴും മാത്രമേ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്താവു എന്നും നിര്‍ദ്ദേശമുണ്ട്. കഴിയുന്നതും ഇന്‍സ്പെക്ടര്‍ റാങ്കിലോ അതിന് മുകളിലോ ഉളള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ ഇത്തരത്തില്‍ വാഹനം തടയാവൂ. അപകടങ്ങള്‍ ഉള്‍പ്പെടെയുളള ഹൈവേ ട്രാഫിക് സംബന്ധമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം അതതു മേഖലയിലെ ഹൈവേ പൊലീസ് വാഹനങ്ങള്‍ക്കാണെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ ഉറപ്പുവരുത്തണം.

ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിന് ഡിജിറ്റല്‍ ക്യാമറകള്‍, ട്രാഫിക് നിരീക്ഷണക്യാമറകള്‍, മൊബൈല്‍ ഫോണ്‍ ക്യാമറകള്‍, വീഡിയോ ക്യാമറകള്‍ എന്നിവ ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചുവെന്ന ഹൈക്കോടതി പരാമര്‍ശം ഡിജിപി ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ കുറ്റവാളികള്‍ക്കെതിരെ പഴുതില്ലാത്ത തെളിവുകളോടെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് സാധിക്കും. ഹെല്‍മറ്റ് ഇല്ലാതെ യാത്രചെയ്യുന്നവരെയും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍ വിസമ്മതിക്കുന്നവരെയും അവരുടെ രജിസ്ട്രേഷന്‍ നമ്പര്‍ മനസ്സിലാക്കി പിടികൂടാന്‍ കഴിയും. നിയമം അനുവദിക്കുന്നപക്ഷം ഗതാഗതം ക്രമീകരിക്കുന്നതിന് ബാരിക്കേഡുകളും സ്ഥാപിക്കാവുന്നതാണ്. നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച പ്രകാരം വാഹന പരിശോധന നടത്താവുന്നതാണ്.
ഹെല്‍മറ്റ് ധരിക്കാത്തതിന് ഇരുചക്രവാഹന യാത്രക്കാരെ ഒരുകാരണവശാലും ഓടിച്ചിട്ട് പിടിക്കരുതെന്ന് ഡിജിപി ആവര്‍ത്തിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനും ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിട്ടുണ്ട്.


LEAVE A REPLY

Please enter your comment!
Please enter your name here