Pre Vyga 2020Pre Vyga 2020

ഹോങ്കോങ് : പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക നിയമം പാസാക്കിയതിനു പിന്നാലെ ഹോങ്കോങ്ങില്‍ ചൈനാവിരുദ്ധ സമരക്കാര്‍ വീണ്ടും തെരുവില്‍. അമേരിക്കന്‍ സര്‍ക്കാരിന് നന്ദി അറിയിച്ചുകൊണ്ട് തെരുവില്‍ ഇറങ്ങിയ സമരക്കാര്‍ അക്രമം അഴിച്ചുവിട്ടു. ഇതിനെ പ്രതിരോധിക്കാനായി പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷം ഞായറാഴ്ച തെരുവില്‍ ഇറങ്ങിയ സമരക്കാര്‍ ചൈനാവിരുദ്ധവും അമേരിക്കന്‍ അനുകൂലവുമായ മുദ്രാവാക്യം മുഴക്കി. ജില്ലാ കൗണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചൈനാവിരുദ്ധര്‍ വിജയംനേടിയതും പുതിയ പ്രശ്നങ്ങള്‍ക്ക് കാരണമായി.

രാവിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയത്തിലേക്ക് മാര്‍ച്ച് ചെയ്ത ഇവര്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചു. അമേരിക്കന്‍ ദേശീയഗാനം ആലപിച്ച് അമേരിക്കന്‍ ദേശീയ പതാകയുമേന്തിയാണ് മാര്‍ച്ച് നടത്തിയത്. കറുത്ത മുഖംമൂടി ധരിച്ച് തെരുവില്‍ ഇറങ്ങിയ സംഘങ്ങള്‍ പൊലീസിനെതിരെ കല്ലെറിഞ്ഞു. ഇതിനെത്തുടര്‍ന്നാണ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ചൈനാവിരുദ്ധ സമരക്കാര്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ ബില്‍ നിയമമാക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് ഒപ്പിട്ടത്. ഹോങ്കോങ്ങില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച് ചൈനീസ്, ഹോങ്കോങ് നേതാക്കള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനും മറ്റും അധികാരം നല്‍കുന്നതാണ് ഈ നിയമം. ആഭ്യന്തകാര്യങ്ങളില്‍ ഇടപെടുന്ന അമേരിക്കന്‍ നടപടിക്കെതിരെ ചൈന കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു.

ചൈനയുടെ ഭാഗമായ ഹോങ്കോങ്ങില്‍ നിന്ന് കുറ്റവാളികളെ മാതൃരാജ്യത്തിന് കൈമാറുന്നത് സംബന്ധിച്ച നിയമം കൊണ്ടുവന്നതിനെത്തുടര്‍ന്നാണ് ഹോങ്കോങ്ങില്‍ സമരംതുടങ്ങിയത്. മുഖംമൂടി ധരിച്ച് വ്യാപക അക്രമം നടത്തിയ ഇവര്‍ പിന്തുണ ആവശ്യപ്പെട്ട് അമേരിക്കന്‍ കോണ്‍സുലേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സമരക്കാരുടെ പ്രധാന കേന്ദ്രമായിരുന്ന പോളിടെക്നിക്കില്‍നിന്ന് പെട്രോള്‍ ബോംബുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തിരുന്നു. കുറ്റവാളി കൈമാറ്റനിയമം പിന്‍വലിച്ചതായി അറിയിച്ചിട്ടും സമരംതുടരുകയാണ്.

അതിനിടെ, ഹോങ്കോങ്ങില്‍ പൊലീസിനെ ഉപയോഗിക്കുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ഐക്യരാഷ്ട്രസംഘടന മനുഷ്യാവകാശവിഭാഗം മേധാവി മിഷേല്‍ ബാഷലെറ്റിന്റെ പ്രസ്താവനയില്‍ ചൈന പ്രതിഷേധിച്ചു. മിഷേലിന്റെ പ്രസ്താവന ‘അനുചിത’ ഇടപെടലാണെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ ചൈനീസ് പ്രതിനിധി ജനീവയില്‍ പറഞ്ഞു.


LEAVE A REPLY

Please enter your comment!
Please enter your name here