Pre Vyga 2020Pre Vyga 2020

സൂറത്ത് : ‘മിനി ഇന്ത്യൻ’ ടീമുകൾ ഏറ്റുമുട്ടിയ ആവേശപ്പോരാട്ടത്തിൽ ദിനേഷ് കാർത്തിക്കിന്റെ തമിഴ്നാടിനെ വീഴ്ത്തി മനീഷ് പാണ്ഡെയുടെ കർണാടക സയ്യിദ് മുഷ്താഖ് അലി ട്രോഫി നിലനിർത്തി. ആവേശം വാനോളമുയർന്ന മത്സരത്തിൽ ഒരു റണ്ണിനാണ് കർണാടകയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കർണാടക നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്നാടിന് അവസാന പന്തുവരെ വിജയപ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഒരു റൺ അകലെ പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് തമിഴ്നാട് 179 റൺസെടുത്തത്. വിജയപ്രതീക്ഷ സമ്മാനിച്ച് ക്രീസിൽനിന്ന വിജയ് ശങ്കർ അവസാന ഓവറിൽ റണ്ണൗട്ടായി. വിജയ് ഹസാരെ ട്രോഫിയിലും തമിഴ്നാടിനെ തോൽപ്പിച്ചാണ് കർണാടക കിരീടം ചൂടിയത്.

ഇന്ത്യൻ സീനിയർ ടീമിൽ അംഗങ്ങളായ ഒട്ടേറെ താരങ്ങൾ ഇരുഭാഗത്തുമായി അണിനിരന്ന കലാശപ്പോരാട്ടം അക്ഷരാർഥത്തിൽ ഒരു ‘മിനി ഇന്ത്യൻ’ ഫൈനൽ തന്നെയായിരുന്നു. ഇന്ത്യൻ താരം മനീഷ് പാണ്ഡെ നയിച്ച കർണാടക ടീമിൽ ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ, കരുൺ നായർ എന്നീ ദേശീയ ടീം താരങ്ങളാണ് അണിനിരന്നത്. മറ്റൊരു ഇന്ത്യൻ താരം ദിനേഷ് കാർത്തിക് നയിച്ച തമിഴ്നാട് ടീമിൽ വാഷിങ്ടൺ സുന്ദർ, വിജയ് ശങ്കർ, രവിചന്ദ്രൻ അശ്വിൻ എന്നിവരുമെത്തി. സെമിഫൈനലിൽ ഒരു ഓവറിൽ അഞ്ചു വിക്കറ്റ് വീഴ്ത്തി റെക്കോർഡിട്ട കർണാടക പേസ് ബോളർ അഭിമന്യു മിഥുന് പുറംവേദനയെ തുടർന്ന് ഫൈനലിൽ കളിക്കാനായില്ല.

അതേസമയം, ഉജ്വല ബാറ്റിങ്ങിലൂടെ കളംനിറഞ്ഞ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ഐതിഹാസിക പ്രകടനമാണ് വിജയ് ഹസാരെ ട്രോഫിക്കു പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കർണാടകയ്ക്കു തുണയായത്. 12 ഇന്നിങ്സുകളിൽനിന്ന് 64.44 ശരാശരിയിൽ 580 റൺസാണ് ദേവ്ദത്ത് അടിച്ചുകൂട്ടിയത്. ഇതിൽ അഞ്ച് അർധസെഞ്ചുറികളും ഒരു സെഞ്ചുറിയും ഉൾപ്പെടുന്നു. രണ്ടാമതുള്ള മഹാരാഷ്ട്ര താരം റിഥുരാജ് ഗെയ്ക്‌വാദിന് 11 ഇന്നിങ്സുകളിൽനിന്ന് നേടാനായത് 419 റൺസ് മാത്രം. വിജയ് ഹസാരെ ട്രോഫിയിൽ കർണാടക കിരീടം നേടുമ്പോൾ അവർക്കു കരുത്തായത് ടോപ് സ്കോററായ ദേവ്ദത്തിന്റെ ഇന്നിങ്സായിരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here