Pre Vyga 2020Pre Vyga 2020

കൊച്ചി: ആവേശം അവസാനനിമിഷം വരെ നിലനിന്നിരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഗോവയോട് സമനില വഴങ്ങി. ഇഞ്ചുറി ടൈമിന്റെ രണ്ടാമിനിറ്റില്‍ റെനി റോഡ്രിഗസാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചത്. ഇതോടെ ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയോടെ കളംവിട്ടു. 

നേരത്തെ മെസ്സി ബൗളിയുടെ ഗോളിലാണ് എഫ് സി ഗോവയ്‌ക്കെതിരേ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടാമതും ലീഡ് നേടിയത്. അമ്പത്തിയൊന്‍പതാം മിനിറ്റില്‍ മലയാളി താരം പ്രശാന്തിന്റെ ക്രോസില്‍ നിന്നായിരുന്നു മെസ്സിയുടെ ഗോള്‍. തുടര്‍ന്ന് അവസാനമിനിറ്റ് വരെ വിജയം ഉറപ്പിച്ച ബ്ലാസ്റ്റേഴ്‌സിന് റെനി റോഡ്രിഗസ് വില്ലനാവുകയായിരുന്നു.

രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് നാല്‍പത്തിയൊന്നാം മിനിറ്റിലാണ് ഗോവ തിരിച്ചടി നല്‍കിയത്. ഒന്നാം പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു.

സെര്‍ജിയോ സിഡോഞ്ചയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്. രാജു ഗെയ്ക്‌വാദിന്റെ ത്രൂപാസ് ബോക്‌സില്‍ വച്ച് സിഡോഞ്ച ഒരു ഹാഫ് വോളിയിലൂടെയാണ് വല ചലിപ്പിച്ചത്.

നാല്‍പത്തിയൊന്നാം മിനിറ്റില്‍ ഇടതുപാര്‍ശ്വത്തില്‍ നിന്ന് ജാക്കിചാന്ദ് സിങ് കൊടുത്ത ക്രോസില്‍ നിന്ന് മുര്‍ത്താദ സെറിഗിന്‍ ഫോള്‍ ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചാണ് എഫ്‌സിയെ സമനിലയില്‍ എത്തിച്ചത്. 

ആറു കളികളില്‍ നിന്ന് ഇത് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം സമനിലയാണ്. ആറു കളികളില്‍ നിന്ന് അഞ്ച് പോയിന്റുള്ള അവര്‍ എട്ടാം സ്ഥാനത്താണ് . ഒരൊറ്റ ജയം മാത്രമാണ് അവര്‍ക്ക് സ്വന്തമായുള്ളത്.
 


LEAVE A REPLY

Please enter your comment!
Please enter your name here