Pre Vyga 2020Pre Vyga 2020

ഇസ്ലാമാബാദ്: വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കുള്ള വിലക്ക് നീക്കാനും മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്കും ക്യാമ്പസുകളില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കുമെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പാകിസ്ഥാനില്‍ അതിശക്തമായ പ്രതിഷേധം.

പ്രോഗ്രസീവ് സ്റ്റുഡന്റ് കലക്ടീവ് [PSC], പ്രോഗ്രസീവ് സ്റ്റുഡന്റ് ഫെഡറേഷന്‍ [PSF], റെവല്യൂഷണറി സ്റ്റുഡന്റ് ഫെഡറേഷന്‍ [R.S.F] എന്നീ പാര്‍ട്ടികളാണ് പ്രക്ഷോഭത്തെ മുന്നില്‍ നിന്നു നയിച്ചത്. മൂന്നു പതിറ്റാണ്ടായി തുടരുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കുള്ള വിലക്ക് എടുത്തു കളയുക, വിദ്യാഭ്യാസത്തിനുള്ള സൗകര്യം മെച്ചപ്പെടുത്തുക, യൂണിവേഴ്സിറ്റികളിലും കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ നടപടി എടുക്കുക എന്നിവ ആവശ്യപ്പെട്ടാണ് ഇവര്‍ പ്രക്ഷോഭം നടത്തുന്നത്.

1984 ല്‍ സൈനിക മേധാവിയായ സിയ ഉല്‍ ഹക്ക് ന്റെ കാലയളവിലാണ് പാക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നിരോധിക്കുന്നത്. 1988 ല്‍ ബേനസീര്‍ ഭൂട്ടോയുടെ ഭരണകാലത്ത് നിരോധനം എടുത്തു കളഞ്ഞെങ്കിലും 1993 ല്‍ സുപ്രീം കോടതി വീണ്ടും നിരോധനം ഏര്‍പ്പെടുത്തി. പ്രതിഷേധ പരിപാടിയില്‍ 2017 ല്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലെ പ്രവര്‍ത്തകനായിരുന്ന കൊല്ലപ്പെട്ട മഷല്‍ ഖാന്‍ എന്ന വിദ്യാര്‍ത്ഥിക്ക് അനുശോചനവും രേഖപ്പെടുത്തി.

മഷല്‍ ഖാന്‍ ആള്‍ക്കൂട്ടാക്രമണത്തില്‍ 2017 ഏപ്രില്‍ 23 ന് കൊല്ലപ്പെടുകയായിരുന്നു. ദൈവ നിന്ദ നടത്തിയെന്നാരോപിച്ചാണ് മഷല്‍ ഖാന്‍ ആള്‍ക്കൂട്ട ആക്രമണത്തിനു വിധേയമാവുന്നത്. ലാഹോറില്‍ നടന്ന മാര്‍ച്ചില്‍ മഷല്‍ ഖാന്റെ പിതാവും പങ്കെടുത്തിരുന്നു. ‘സല്യൂട്ട് മഷല്‍ ഖാന്‍ നിങ്ങളുടെ ഉദ്യമം ഞങ്ങള്‍ പൂര്‍ത്തീകരിക്കും’. മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ വിളിച്ചു പറഞ്ഞു. മഷല്‍ ഖാന്‍ കൊല്ലപ്പെട്ട ഏപ്രില്‍ 13 ന് ദേശീയ അവധി ദിനമായി പ്രഖ്യാപിക്കാനും വിദ്യര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. സ്റ്റുഡന്റ് ആക്ഷന്‍ കമ്മിറ്റിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ 50 നഗരങ്ങളിലായാണ് പ്രതിഷേധ പരിപാടികള്‍ നടന്നത്.


LEAVE A REPLY

Please enter your comment!
Please enter your name here