ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം ദേശീയ പൗരത്വ പട്ടിക (എന്‍.ആര്.സി) നടപ്പാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ജാര്‍ഖണ്ഡിലെ ബൊക്കാരോയില്‍ നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എന്‍.ആര്.സി നടപ്പാക്കും. രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ ആരാണെന്ന് അറിയാന്‍ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്. പക്ഷേ, ചില പാര്‍ട്ടികള്‍ ഇതിലും ഞങ്ങളുടെ ഭാഗത്ത് തെറ്റ് കണ്ടെത്തുന്നു, അവര്‍ തങ്ങളെ വര്‍ഗീയവാദികളാണെന്ന് ആരോപിക്കുകയാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. എല്ലാ പ്രകടന പത്രികയിലും തങ്ങള്‍ വാഗ്ദാനം ചെയ്തതുപോലെ ശ്രീരാമന്റെ മഹത്തായ ക്ഷേത്രം പണിയാന്‍ പോവുകയാണ്. ഈ വാഗ്ദാനത്തില്‍ ചില പാര്‍ട്ടികള്‍ ഞങ്ങളെ പരിഹസിക്കാറുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ ആര്‍ക്കും ക്ഷേത്രം പണിയുന്നതില്‍ നിന്ന് ഞങ്ങളെ തടയാന്‍ കഴിയില്ല എന്ന് രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.