Pre Vyga 2020Pre Vyga 2020

ആലപ്പുഴ: കയർ കേരളയുടെ എട്ടാംപതിപ്പ് ഡിസംബർ നാല് മുതൽ എട്ടു വരെ ആലപ്പുഴയിൽ നടക്കും. കഴിഞ്ഞ രണ്ടു വർഷമായി കയർ മേഖലയിൽ നടക്കുന്ന രണ്ടാം കയർ പുന:സംഘടനയുടെ പശ്ചാത്തലത്തിലാണ് 2019ലെ കയർ കേരള അരങ്ങേറുന്നത്. കാലങ്ങളായുള്ള കയർ വ്യവസായത്തിന്റെ അടിസ്ഥാന ദൗർബല്യങ്ങളെ അഭിമുഖീകരിക്കാൻ കഴിയുന്നുവെന്നതാണ് രണ്ടാം പുനഃസംഘടനയുടെ പ്രാധാന്യം. ഇതിന്റെ ഗുണപരമായ ചലനങ്ങൾ വ്യവസായത്തിൽ ദൃശ്യമായിത്തുടങ്ങിയിരിക്കുന്നുവെന്ന് ധനകാര്യ, കയര്‍ വകുപ്പു മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു.

2020-21ൽ 40,000 ടൺ കയർ ഉൽപ്പാദനമാണ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് കയർപിരി സംഘങ്ങളെ ആധുനീകരിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമുള്ള ശക്തമായ നടപടികൾ പുരോഗമിക്കുകയാണ്. പരമ്പരാഗത പിരിമേഖലയെ സംരക്ഷിച്ചുകൊണ്ടുതന്നെ വ്യവസായത്തിന്റെ ആധുനീകരണമാണ് രണ്ടാം കയർ പുനഃസംഘടന ലക്ഷ്യം വയ്ക്കുന്നത്. ഇലക്ട്രോണിക് റാട്ടുകളും ഫാക്ടറി അടിസ്ഥാനത്തിലുള്ള ഓട്ടോമാറ്റിക് സ്പിന്നിംഗ് മില്ലുകളും വേഗതയില്‍ വിന്യസിക്കുകയാണ്. തൊഴിലാളികളുടെ ജോലി ഭാരത്തിൽ കുറവ് ഉണ്ടാകുകയും ഉൽപ്പാദനക്ഷമത ഉയരുകയും ചെയ്യുകയാണ്. സ്വാഭാവികമായും ലഭ്യമാകുന്ന കൂലിയും വർദ്ധിക്കും.

അധികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന കയർ ഉപയോഗിച്ച് ആവശ്യമുള്ള ഉൽപ്പന്നങ്ങളിലേയ്ക്ക് മാറാനാണ് ശ്രമം. 2017 കയർ കേരളയിൽ തദ്ദേശഭരണ സ്ഥാപനങ്ങളുമായി നൂറിലധികം കോടി രൂപയുടെ കയർ ഭൂവസ്ത്രത്തിനുള്ള കരാറാണ് ഒപ്പുവച്ചത്. പക്ഷെ, ഇത് പൂർണ്ണമായും നല്‍കാനായില്ല. അതേസമയം 60 കോടിയിലധികം രൂപയുടെ കയർ ഭൂവസ്ത്രം തൊഴിലുറപ്പ് പദ്ധതിയിൽ വിനിയോഗിക്കാൻ കഴിഞ്ഞു. കയർ ഭൂവസ്ത്രത്തിന് പുതിയ ഉപയോഗമേഖലകളും ഉണ്ടായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിർമ്മാണത്തിൽ കയർ ഭൂവസ്ത്ര വിനിയോഗത്തിന് അംഗീകാരമായി. കേന്ദ്ര പിഡബ്ല്യുഡിയുടെ റോഡ് നിർമ്മാണങ്ങൾക്കും കയർ ഭൂവസ്ത്രം അംഗീകൃത ഉൽപ്പന്നമായി വിജ്ഞാപനം ഇറങ്ങുകയാണ്. ഉയർന്നുവരുന്ന ഈ പുതിയ ഡിമാന്റിന് അനുസരിച്ച് കയർ ഭൂവസ്ത്രം ഉൽപ്പാദിപ്പിക്കാനായാൽ കേരളത്തിലെ വ്യവസായത്തിന്റെ ഭാവി ശോഭനമായിരിക്കും.

കയർ മേഖലയിൽ സംസ്ഥാന സർക്കാർ മുടക്കുന്ന പണത്തിന്റെ അളവും ഗണ്യമായി ഉയർന്നിട്ടുണ്ട്. 2015-16 ൽ സർക്കാർ മുടക്കിയ പണം 68.29 കോടി രൂപയായിരുന്നുവെങ്കിൽ 2018-19 ൽ ഇത് 131.43 കോടി രൂപയായി ഉയർന്നു. കയർ സഹകരണ സംഘങ്ങളുടെ ആധുനീകരണത്തിനായി 200 കോടി രൂപയുടെ എൻസിഡിസി സഹായം നേടിയെടുക്കാനും കഴിഞ്ഞതായി മന്ത്രി പറഞ്ഞു.


LEAVE A REPLY

Please enter your comment!
Please enter your name here