Pre Vyga 2020Pre Vyga 2020

ഹൈദരാബാദ് : ഷംഷാബാദില്‍ വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നശേഷം ചുട്ടെരിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡോക്ടറെ കാണാതായെന്ന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് മൂന്ന് പൊലീസുകാര്‍ക്ക് സുകാരെ സസ്‌പെന്‍ഡ് ചെയ്തത്.

സബ് ഇന്‍സ്‌പെക്ടര്‍ രവി കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വേണു ഗോപാല്‍, സത്യനാരായണ ഗൗഡ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കൊലപാതകത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദിനടുത്തുള്ള ഷാഡ്നഗര്‍ പൊലീസ് സ്റ്റേഷനുചുറ്റും തടിച്ചുകൂടിയ ആളുകള്‍ പൊലീസിനുനേരെ ചെരിപ്പുംമറ്റും വലിച്ചെറിഞ്ഞാണ് പ്രതിഷേധിച്ചത്. ഇവരെ പിരിച്ചുവിടാനായി പൊലീസ് പിന്നീട് ലാത്തിച്ചാര്‍ജ് നടത്തി. വിചാരണയില്ലാതെതന്നെ പ്രതികളെ തൂക്കിക്കൊല്ലണമെന്നാണ് ജനക്കൂട്ടത്തിന്റെ ആവശ്യം.

ബെംഗളൂരു-ഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപം രംഗറെഡ്ഡി ജില്ലയിലെ ഷംഷാബാദിലുള്ള ടോള്‍ബൂത്തിന് സമീപമാണ് ബുധനാഴ്ച രാത്രി 26-കാരിയായ ഡോക്ടറെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊന്നത്. ലോറിഡ്രൈവറായ മുഹമ്മദ് ആരിഫും കൂട്ടാളികളായ ജോളു നവീന്‍ (ക്ലീനര്‍), ചെന്ന കേശവുലു (ക്ലീനര്‍), ജോളു ശിവ (ഡ്രൈവര്‍) എന്നിവരുംചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്. പ്രതികളെല്ലാം 30 വയസ്സില്‍ താഴെയുള്ളവരാണ്. സി.സി.ടി.വി. ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ ഇവരെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ആസൂത്രിതമായാണ് സംഘം യുവതിയെ ചതിയില്‍പ്പെടുത്തിയതെന്ന് പൊലീസ് കമ്മിഷണര്‍ വി. സജ്ജനാര്‍ പറഞ്ഞു. ഷംഷാബാദ് ടോള്‍പ്ലാസയ്ക്കടുത്ത് സ്‌കൂട്ടര്‍ പാര്‍ക്ക്ചെയ്ത് ജോലിക്കുപോകുമ്പോഴാണ് സംഘം യുവതിയെ കാണുന്നത്. രാത്രി 9.13-ന് തിരിച്ചുവരുമ്പോള്‍ ഇവര്‍ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കി. ടാക്‌സി വിളിച്ചു പോകാനൊരുങ്ങിയ യുവതിയെ സംഘം സഹായ വാഗ്ദാനം നല്‍കി സമീപിച്ചു.

ഇതു വിശ്വസിച്ച യുവതി പഞ്ചര്‍ മാറ്റിയശേഷം ഉടനെത്തുമെന്ന് സഹോദരിയെ വിളിച്ചറിയിച്ചു. ഇതിനിടെ, ഒരാള്‍ സ്‌കൂട്ടറുമായി പോയി, അല്പസമയത്തിനുശേഷം കടയടവാണെന്നുപറഞ്ഞ് തിരിച്ചെത്തി. ഇതിനിടെ, വീണ്ടും സഹോദരിയെ വിളിച്ച യുവതി, തനിക്കുചുറ്റും ലോറി ഡ്രൈവര്‍മാരുണ്ടെന്നും ഭയം തോന്നുന്നെന്നും അവരോടു പറഞ്ഞിരുന്നു. പോകാനൊരുങ്ങിയ യുവതിയെ പ്രതികള്‍ സമീപത്തെ വെളിമ്പറമ്പിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. 9.40-ന് സഹോദരി വീണ്ടും യുവതിയെ വിളിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു. ബലാത്സംഗത്തിനിടെ കഴുത്തുഞെരിച്ച് കൊന്നശേഷം യുവതിയുടെ മൃതദേഹം രാത്രി പത്തോടെ ലോറിയില്‍ കയറ്റി 30 കിലോമീറ്റര്‍ ദൂരെ ഷാദ്‌നഗറിലെ വിജനമായ സ്ഥലത്തെത്തിച്ചു. വഴിയിലെ പെട്രോള്‍ പമ്പില്‍നിന്ന് വാങ്ങിയ ഇന്ധനമുപയോഗിച്ച് പുലര്‍ച്ചെ രണ്ടോടെയാണ് മൃതദേഹം കത്തിച്ചത്.

ഇതിനിടെ, പൊലീസിനെതിരേ യുവതിയുടെ ബന്ധുക്കള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. യുവതിയെ കാണാതായെന്ന പരാതി നല്‍കാന്‍ സമീപിച്ച തങ്ങളെ ഒരു സ്റ്റേഷനില്‍നിന്ന് മറ്റൊന്നിലേക്ക് അധികൃതര്‍ പറഞ്ഞയച്ചതായാണ് അവരുടെ ആരോപണം.


LEAVE A REPLY

Please enter your comment!
Please enter your name here