കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എത്തിയ കേന്ദ്രമന്ത്രി സഞ്ജയ് ശാംറാവു ധോത്രയെ തടഞ്ഞ് വിദ്യാര്‍ത്ഥികള്‍. ജെ.എന്‍.യു സമരത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കേന്ദ്രമന്ത്രിക്കെതിരെ വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാണിച്ചു.

എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് കേന്ദ്രമന്ത്രിക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചുമായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ എഡ്യുക്കേഷന്‍ ഡിപാര്‍മെന്റ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയായിരുന്നു മാനവ വിഭവശേഷി വകുപ്പ്മന്ത്രിയായ സഞ്ജയ് ശാംറാവു ധോത്ര. ഒരുമണിയോടെയാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.

മന്ത്രി ഹാളില്‍ പ്രവേശിച്ച ഉടന്‍ തന്നെ എസ്.എഫ്.ഐ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാണിക്കുകയും പ്ലക്കാര്‍ഡുകള്‍ പിടിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. കേന്ദ്രമന്ത്രി വേദിയിലേക്ക് കയറുന്നത് തടഞ്ഞുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

ഇതോടെ പൊലീസ് എത്തി വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഉന്തും തള്ളും നടക്കുകയും ചെയ്തു. ഇതോടെ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

മന്ത്രിക്കെതിരെ പരിപാടി നടക്കുന്ന ഹാളിന് പുറത്ത് 300 ളം വിദ്യാര്‍ത്ഥികള്‍ പുറത്ത് വായ് മൂടിക്കെട്ടിയും പ്രതിഷേധിച്ചു. ജെ.എന്‍.യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു വായ്മൂടിക്കെട്ടിയുള്ള പ്രതിഷേധം.


LEAVE A REPLY

Please enter your comment!
Please enter your name here