ന്യൂഡല്‍ഹി:  കര്‍ണാടകയില്‍ 17 വിമതരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. അതേസമയം അവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കിക്കൊണ്ടുള്ള സ്പീക്കറുടെ ഉത്തരവ് കോടതി റദ്ദ് ചെയ്തു.

കേസില്‍ 17 എംഎല്‍എമാരും നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത് ശരിയായില്ലെന്നും കോടതി വിമര്‍ശിച്ചു. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഭരണഘടനാപരമായ ബാധ്യതയുണ്ട്. ധാര്‍മികതയുണ്ട്- കോടതി പറഞ്ഞു.

കഴിഞ്ഞ ജൂലൈയിലാണ് 17 കോണ്‍ഗ്രസ്, ജനതാദള്‍ എംഎല്‍എമാര്‍ രാജി നല്‍കിയത്. ബാഹ്യസമ്മര്‍ദ്ദത്തിന്റെ പുറത്താണ് ഇവര്‍ രാജി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയത്. അതോടൊപ്പം നിയമസഭാ കാലയളവ് തീരുന്ന 2023 വരെ ഇവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വിമതരെ അയോഗ്യരാക്കിയത് ശരിവെച്ചുവെങ്കിലും അവര്‍ 2023 വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നുള്ള സ്പീക്കറുടെ ഉത്തരവ് കോടതി റദ്ദ് ചെയ്യുകയുമായിരുന്നു. വിമതരാക്കപ്പെട്ട 17 എംഎല്‍എമാരില്‍ 13പേര്‍ കോണ്‍ഗ്രസില്‍ നിന്നും നാലുപേര്‍ ജനതാദള്‍ എസില്‍ നിന്നുമുള്ളവരാണ്. 

സ്പീക്കര്‍ എന്നത് അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള പദവിയാണ്. വിമതരെ അയോഗ്യരാക്കുന്നതിനുള്ള എല്ലാ ഭരണപരമായ അധികാരവും സ്പീക്കര്‍ക്കുണ്ട്. എന്നാല്‍ രാജിയും അയോഗ്യതയും രണ്ടായി കാണണമെന്നും കോടതി വിധിയില്‍ പറയുന്നു. ജസ്റ്റിസ് എം.വി രമണിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. 

തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത ഹര്‍ജി കോടതി തള്ളിയിട്ടുമുണ്ട്. ഭരണഘടനയുടെ 32ാം അനുഛേദപ്രകാരം എംഎല്‍എമാര്‍ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചതില്‍ ശക്തമായ അതൃപ്തിയാണ് മൂന്നംഗ ബെഞ്ച് രേഖപ്പെടുത്തിയത്. സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് ഇവര്‍ ആദ്യം സമീപിക്കേണ്ടിയിരുന്നത് ഹൈക്കോടതിയെ ആയിരുന്നുവെന്നും കോടതി പറഞ്ഞു.

ഒരു അംഗത്തെ അയോഗ്യനാക്കണമെങ്കില്‍ അതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണ്. ഇക്കാര്യം സ്പീക്കറുടെ വിവേചനാധികാരമാണ്. ഒരു അംഗം രാജിവെക്കുന്നതും അദ്ദേഹത്തിന്റെ അയോഗ്യതയും തമ്മില്‍ ബന്ധമില്ലെന്നും കോടതി പറഞ്ഞു. 

എന്നാല്‍ വിമതരെ 2023വരെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കിയ നടപടി കോടതി റദ്ദാക്കുകയാണുണ്ടായത്. സ്പീക്കര്‍ക്ക് ഇത്തരമൊരു കാലയളവ് നിര്‍ണയിക്കാന്‍ അധികാരമില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ അയോഗ്യരാക്കിയവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് വിധിപ്രസ്താവത്തില്‍ പറയുന്നില്ല. 

അംഗം രാജിവെച്ചാലും ജനപ്രാതിനിധ്യ നിയമ പ്രകാരം അയാളെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് സാധിക്കുമെന്ന കാര്യം കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. അയോഗ്യത കല്‍പ്പിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്. മറ്റ് നടപടികള്‍ സ്വീകരിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. അതിനാല്‍ വിമതരുടെ അയോഗ്യത സംബന്ധിച്ച വിഷയത്തില്‍ കൂടുതല്‍ നിയമപരമായ സാധ്യതകള്‍ തുറന്നിടുകയാണ് കോടതി ചെയ്തിരിക്കുന്നത്. 


LEAVE A REPLY

Please enter your comment!
Please enter your name here