ന്യൂഡല്‍ഹി: മഹാരാഷ്ട്രയ്ക്കു പിന്നാലെ ജാര്‍ഖണ്ഡിലും ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയില്‍ ഭിന്നത. നിയമസഭാ  തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സഖ്യകക്ഷികളായ എല്‍.ജെ.പി (ലോക് ജനശക്തി പാര്‍ട്ടി)യും എ.ജെ.എസ്.യു(ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍)വും അഭിപ്രായഭിന്നത വ്യക്തമാക്കി കഴിഞ്ഞു. 

82 അംഗ ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അഞ്ചുഘട്ടമായാണ് നടക്കുന്നത്. ആദ്യഘട്ടം നവംബര്‍ മുപ്പതിനാണ്. ഒരു സീറ്റ് നാമനിര്‍ദേശം ചെയ്യപ്പെടുന്ന അംഗത്തിനുള്ളതാണ്. 

സംസ്ഥാനത്തെ അമ്പത് സീറ്റുകളില്‍ തനിച്ച് മത്സരിക്കാന്‍ എല്‍.ജെ.പി. സംസ്ഥാന ഘടകം തീരുമാനിച്ചതായി ദേശീയ അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ പ്രഖ്യാപിച്ചു. 2014ല്‍ ഒരു സീറ്റില്‍ മാത്രമായിരുന്നു എല്‍.ജെ.പി.മത്സരിച്ചിരുന്നത്. അവിടെ വിജയിക്കാനും സാധിച്ചിരുന്നില്ല. 

ജര്‍മുണ്ടി, നള, ഹുസൈനാബാദ്, ബര്‍ക്കാഗാവ്, ലാത്തേഹാര്‍, പാംകി എന്നീ ആറ് സീറ്റുകളില്‍ മത്സരിക്കാനായിരുന്നു എല്‍.ജെ.പി ആദ്യം താല്‍പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അമ്പത് സീറ്റുകളില്‍ മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുകയാണെന്ന് അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ വ്യക്തമാക്കി.

2014ല്‍, മത്സരിച്ച എട്ടു സീറ്റുകളില്‍ അഞ്ച് സീറ്റുകളിലും എ.ജെ.എസ്.യു(ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍) വിജയിച്ചിരുന്നു. 19 സീറ്റുകളില്‍ മത്സരിക്കാനാണ് എ.ജെ.എസ്.യു. താല്‍പര്യപ്പെടുന്നത്. 

എന്നാല്‍ എ.ജെ.എസ്.യുവിന് ഒമ്പതു സീറ്റുകളില്‍ കൂടുതല്‍ നല്‍കാന്‍ ബി.ജെ.പിക്ക് താല്‍പര്യമില്ലെന്നാണ് പാര്‍ട്ടിവൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ എ.ജെ.എസ്.യു ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. 

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ മത്സരിക്കുന്ന ചക്രധര്‍പുറില്‍ എ.ജെ.എസ്.യു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബി.ജെ.പി മത്സരിക്കുന്ന സിമാരിയ, സിന്ദ്രി, മണ്ഡു, ചക്രധര്‍പുര്‍ എന്നീ മണ്ഡലങ്ങളിലും എ.ജെ.എസ്.യു മത്സരിക്കുന്നുണ്ട്. 

ഞായറാഴ്ച 52 സ്ഥാനാര്‍ഥികളുടെ പേര് ബി.ജെ.പി. പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ സ്ഥാനാര്‍ഥി പട്ടിക ഇനിയും പുറത്തുവിട്ടിട്ടില്ല. എ.ജെ.എസ്.യുവുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനാലാണ് ഇതെന്നാണ് സൂചന. 

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് ജംഷഡ്പുറില്‍ നിന്നാണ് ജനവിധി തേടുന്നത്. 2014 തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. 72 സീറ്റുകളില്‍ മത്സരിക്കുകയും 37 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു. എ.ജെ.എസ്.യു. അഞ്ച് സീറ്റുകളിലും വിജയിച്ചിരുന്നു. 

കോണ്‍ഗ്രസ് സംസ്ഥാനത്ത് 31 സീറ്റുകളിലാണ് മത്സരിക്കുന്നത്. സഖ്യകക്ഷിയായ ജെ.എം.എം(ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച) 43 സീറ്റുകളിലും മത്സരിക്കും. ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി ഏഴുസീറ്റിലും മത്സരിക്കും. മുന്‍മുഖ്യമന്ത്രിയും ജെ.എം.എം.നേതാവുമായ ഷിബു സോറനാണ് കോണ്‍ഗ്രസ്-ജെ.എം.എം സഖ്യത്തിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുക. 


LEAVE A REPLY

Please enter your comment!
Please enter your name here