ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷാവസ്ഥ മുന്‍കൂട്ടി കണ്ട് ക്യാമ്പസില്‍ കേന്ദ്രസേനയെ വിന്യസിച്ച അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയില്‍ തടിച്ചൂകൂടി. സര്‍വകലാശാലയുടെ മുന്നില്‍ പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടുന്ന അവസ്ഥയിലാണ്. വിദ്യാര്‍ത്ഥികളെ ബലംപ്രയോഗിച്ച് നീക്കാനുളള പൊലീസിന്റെ ശ്രമമാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.

ഹോസ്റ്റല്‍ ഫീസ് വര്‍ധന, മാന്വല്‍ പരിഷ്‌കരണം എന്നിവയ്‌ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്. കഴിഞ്ഞ ഏഴുമണിക്കൂറായി സര്‍വകലാശാല യൂണിയന്റെ നേതൃത്വത്തിലാണ് സമരം ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ഇന്ന് സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കേന്ദ്ര മാനവിഭവശേഷി മന്ത്രി രമേശ് പൊക്രിയാലും എത്തിയ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ സമരം കൂടുതല്‍ ശക്തമാക്കുകയായിരുന്നു. പരിപാടി ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ പങ്കെടുത്ത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ വൈസ് ചാന്‍സലര്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കണമെന്നതാണ് വിദ്യാര്‍ത്ഥികളുടെ മുഖ്യ ആവശ്യം.

ഉപരാഷ്ട്രപതി അടക്കം പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ സര്‍വകലാശാല ക്യാമ്പസില്‍ കേന്ദ്രസേനയെ വിന്യസിച്ചിരുന്നു. ഇവര്‍ ക്യാമ്പസില്‍ നിന്ന് പോകണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ഇവരെ ബലംപ്രയോഗിച്ച് നീക്കാനുളള പൊലീസിന്റെ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. വിദ്യാര്‍ത്ഥികളെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാന്‍ ജലപീരങ്കി പ്രയോഗിച്ചു. ചെറിയ തോതിലുളള ലാത്തിച്ചാര്‍ജും നടന്നു.


LEAVE A REPLY

Please enter your comment!
Please enter your name here