മഹാരാഷ്ട്ര: മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതു സംബന്ധിച്ചാവും കൂടിക്കാഴ്ച.

രാജസ്ഥാനിലെ റിസോര്‍ട്ടില്‍ താമസിക്കുന്ന മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തിങ്കളാഴ്ച 11.30ന് ജയ്പൂരില്‍ യോഗം വിളിച്ചിട്ടുണ്ട്. അതില്‍ പങ്കെടുത്ത ശേഷമാവും മല്ലികാര്‍ജുന്‍ ഖാര്‍ഗെ സോണിയാഗാന്ധിയെ കാണുക. കോണ്‍ഗ്രസ് നേതാവ് മധുസൂദന്‍ മിസ്ത്രിയും ജയ്പൂരില്‍ വെച്ചു നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ കോണ്‍ഗ്രസിലെ 44 എം.എല്‍.എ മാരും ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമില്ലെന്ന് ചര്‍ച്ചകള്‍ക്കൊടുവില്‍ ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞിരുന്നു.

ആളുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഒരു സര്‍ക്കാരാണ് ഞങ്ങള്‍ക്കാവശ്യമെന്നും പ്രതിപക്ഷത്തു തന്നെ ഇരിക്കാനാണ് ജനവിധിയെന്നുമായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാരുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്.

എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും പിന്‍മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വീണ്ടും സാധ്യകളുയര്‍ന്നിരിക്കുകയാണ്. എന്‍.ഡി.എയുമായുള്ള ബന്ധം പൂര്‍ണമായും ഒഴിവാക്കിയാല്‍ ശിവസേനയുമായി സഖ്യം ചേരുന്ന കാര്യം ആലോചിക്കാം എന്നാണ് എന്‍.സി.പി നിലപാട്.


LEAVE A REPLY

Please enter your comment!
Please enter your name here