ടെഹ്റാൻ: 50 ബില്യൻ ബാരൽ ക്രൂഡ് ഓയിൽ നിക്ഷേപമുള്ള പുതിയ എണ്ണപ്പാടം കണ്ടെത്തിയതായി ഇറാൻ. ദക്ഷിണ മേഖലയിലെ ഖുസെസ്ഥാൻ പ്രവശ്യയിലാണ് എണ്ണപ്പാടം കണ്ടെത്തിയതെന്നു പ്രസിഡന്റ് ഹസൻ റൂഹാനി അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെയുള്ള ക്രൂഡ് ഓയിൽ ശേഖരം മൂന്നിലൊന്നു വർധിക്കുമെന്നും റൂഹാനി പ്രഖ്യാപിച്ചു. നിലവിൽ 150 ബില്യൻ ബാരൽ ക്രൂഡ് ഓയിൽ നിക്ഷേപമാണ് ഇറാനിലുള്ളത്. യുഎസ് ഉപരോധത്തെത്തുടർന്ന് ഇറാന്റെ ക്രൂഡ് ഓയിൽ വിൽപന രാജ്യാന്തര തലത്തിൽ തടസ്സപ്പെട്ടിരിക്കെയാണു പുതിയ എണ്ണപ്പാടം കണ്ടെത്തിയതായി ഇറാന്റെ പ്രഖ്യാപനം.

ഇറാന്റെ എണ്ണ വിൽപനയ്ക്ക് ഉപരോധം ഏർപ്പെടുത്തിയ സമയത്തു രാജ്യത്തെ തൊഴിലാളികൾക്കും എൻജിനീയർമാർക്കും 50 ബില്യൺ ബാരൽ എണ്ണ കണ്ടെത്താൻ കഴിഞ്ഞെന്നു വൈറ്റ് ഹൗസിനെ അറിയിക്കുന്നതായി ഹസൻ റൂഹാനി യസ്ദ നഗരത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകത്തെ നാലാമത്തെ വലിയ ക്രൂഡ് ഓയിൽ നിക്ഷേപവും ലോകത്തിലെ രണ്ടാമത്തെ വലിയ പ്രകൃതിവാതക നിക്ഷേപവുമുള്ളത് ഇറാനിലാണ്. ഗൾഫ് രാജ്യമായ ഖത്തറുമായി നിരവധി എണ്ണപ്പാടങ്ങൾ പങ്കിടുന്നുമുണ്ട്. പുതുതായി കണ്ടെത്തിയ എണ്ണപ്പാടം ഇറാനിലെ രണ്ടാമത്തെ വലിയ എണ്ണപ്പാടമാണ്. 65 ബില്യൻ ബാരൽ ക്രൂഡ് ഓയിൽ നിക്ഷേപമുള്ള അഹ്വാസ് ആണ് ഏറ്റവും വലിയത്.

2018ൽ യുഎസ് ആണവ കരാറിൽ നിന്നു പിന്മാറിയതിനു ശേഷം രാജ്യാന്തര തലത്തിൽ ഇറാൻ ഒറ്റപ്പെടൽ നേരിടുകയാണ്. ഫ്രാൻസ്, ജർമനി, റഷ്യ, ചൈന, യുകെ എന്നീ വൻശക്തികൾ കരാറിൽനിന്നു പിൻമാറിയിട്ടില്ലെങ്കിലും എണ്ണ വിൽക്കാൻ ഇറാനു സാധിച്ചിട്ടില്ല. ഇതോടെ ലോകശക്തികളെ വെല്ലുവിളിച്ച് ഇറാന്‍ ആണവസമ്പുഷ്ടീകരണത്തിനു തുടക്കമിട്ടിരുന്നു. യുഎസ് ഉപരോധത്തിൽ നിന്നു മറ്റു വൻശക്തികൾ സംരക്ഷണം നൽകിയില്ലെങ്കിൽ ആണവപദ്ധതി വീണ്ടും തുടങ്ങുമെന്നും പറഞ്ഞിരുന്നു. ഇതിനുസരിച്ചായിരുന്നു ഇറാന്റെ നീക്കം.

ഇറാൻ ഭീകരസംഘടനകളെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണവകരാറിൽ നിന്നു പിന്മാറിയത്. ഒമാൻ ഉൾക്കടലിൽ‌ കപ്പലുകൾക്കു നേരെ ജൂണിൽ നടന്ന ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് യുഎസ് ഉൾപ്പെടെ ആരോപിച്ചതോടെ മധ്യപൂർവദേശം വീണ്ടും യുദ്ധഭീഷണിയുടെ നിഴലിലായിരുന്നു. സൗദിയിലെ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങൾക്കു നേരെ അടുത്തിടെ നടന്ന ആക്രമണത്തിനു പിന്നിലും ഇറാനാണെന്നായിരുന്നു യുഎസ് വാദം. അതിനിടെ യുഎസിന്റെ ആളില്ലാ ഡ്രോണുകളിലൊന്ന് ഇറാൻ വെടിവച്ചിടുകയും ചെയ്തു.


LEAVE A REPLY

Please enter your comment!
Please enter your name here