കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റില്‍ മരണം ഏഴായി. ചുഴലിക്കാറ്റ്  പശ്ചിമബംഗാളില്‍ കനത്ത നാശനഷ്ടം വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 

ചുഴലിക്കാറ്റിന്റെ ചുവടുപിടിച്ച് പെയ്ത കനത്തമഴയില്‍ നിരവധി താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയിലായി. ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ജനജീവിതം തടസ്സപ്പെടുകയും ചെയ്തു. സൗത്ത് 24 പര്‍ഗാന, നോര്‍ത്ത് 24 പര്‍ഗാന, കിഴക്കന്‍ മിഡ്‌നാപൂര്‍ എന്നിവിടങ്ങളെയാണ് കാര്യമായി ബാധിച്ചത്. നോര്‍ത്ത് പര്‍ഗാനയില്‍ മാത്രം അഞ്ചുപേരാണ് മരിച്ചത്. നിരവധിപ്പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മൂന്നുലക്ഷത്തോളം പേരെ നേരിട്ട് ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കേന്ദ്രത്തിന്റെ എല്ലാവിധ സഹായങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കി.

നിലവില്‍ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്തേയ്ക്ക് നീങ്ങിയതായും അടുത്ത 12 മണിക്കൂറിനുളളില്‍ ഇത് ദുര്‍ബലപ്പെടുമെന്നും കാലാവസ്ഥ നിരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ കാറ്റിനുളള സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.കഴിഞ്ഞ ദിവസം ഒഡീഷ തീരത്തും ബുള്‍ബുള്‍ കനത്ത നാശനഷ്ടം വരുത്തിയിരുന്നു.
 


LEAVE A REPLY

Please enter your comment!
Please enter your name here