ലഖ്‌നൗ: അയോധ്യയില്‍ പള്ളി പണിയാന്‍ സുപ്രീകോടതി നിര്‍ദ്ദേശിച്ചതുപ്രകാരമുള്ള അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന് നവംബര്‍ 26 ന് തീരുമാനിക്കുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് വ്യക്തമാക്കി.

തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ ഏകകണ്‌ഠേന വിധിച്ച സുപ്രീംകോടതി പള്ളി പണിയാന്‍ വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വഖഫ് ബോര്‍ഡ് ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല.

ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് എന്നാണ് യു.പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി പി.ടി.ഐയോട് പറഞ്ഞത്. നേരത്തെ നവംബര്‍ 13 നാണ് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത് പിന്നീടത് 26 ലേക്ക് മാറ്റുകയായിരുന്നു.

‘ഭൂമി ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ നിരവധി അഭിപ്രായങ്ങളാണ് ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നത്. നെഗറ്റീവ് ആയ ഒരു കാര്യത്തെ പോസിറ്റീവ് ആയ ഒരു തീരുമാനത്തിലൂടെ മാത്രമേ ജയിക്കാന്‍ സാധിക്കൂ എന്നാണ് വ്യക്തിപരമായ അഭിപ്രായം”- അദ്ദേഹം പറഞ്ഞു.

”ബാബ്‌റി മസ്ജിദ് നിര്‍മ്മിക്കാന്‍ ഭൂമി സ്വീകരിക്കരുത് എന്ന് ചില ആളുകള്‍ എന്നോട് പറയുന്നുണ്ട്. പക്ഷേ, അത് കൂടുതല്‍ ദൂഷ്യമുണ്ടാക്കുമെന്നാണ് എനിക്ക് തോന്നുന്നത്. മറ്റ് ചില ആളുകള്‍ ഭൂമി ഏറ്റെടുത്ത് പള്ളിക്കൊപ്പം ഒരു വിദ്യാഭ്യാസ സ്ഥാപനം കൂടി തുടങ്ങണമെന്നാണ് പറയുന്നത്.”ഫാറൂഖി പറഞ്ഞു.

അതേസമയം, ഭൂമി സംബന്ധിച്ച് സര്‍ക്കാറിന് കോടതിയുടെ ഉത്തരവ് പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ”ഭൂമി ഏറ്റെടുക്കണോ വേണ്ടയോ എന്ന് യോഗത്തില്‍ തീരുമാനിക്കും. ഭൂമി ഏറ്റെടുക്കണമെന്നാണ് യോഗത്തിന്റെ തീരുമാനമെങ്കില്‍ അത് എങ്ങനെ ഏറ്റെടുക്കണമെന്നും എങ്ങനെയായിരിക്കും അതിന്റെ വ്യവസ്ഥകളെന്നും ഞങ്ങള്‍ തീരുമാനിക്കും.” അദ്ദേഹം നിലപാട് വ്യക്തമാക്കി.


LEAVE A REPLY

Please enter your comment!
Please enter your name here