ന്യൂഡല്‍ഹി: ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലെ ജനജീവിതത്തെ ബാധിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഫോണില്‍ സംസാരിച്ച ഇരുവരും രക്ഷാ – ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

ദേശീയ ദുരന്തനിവാരണ സേനയുടെ പത്ത് സംഘങ്ങളെ പശ്ചിമ ബംഗാളില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഒഡീഷയില്‍ ആറ് സംഘങ്ങളെയാണ് വിന്യസിച്ചിട്ടുള്ളത്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാക്കി 18 സംഘങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചുഴലിക്കാറ്റിന്റെ വിവരങ്ങള്‍ നിരന്തരം വിലയിരുത്തി വരികയാണെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി സംസാരിക്കുകയും സഹായ വാഗ്ദാനം നല്‍കുകയും ചെയ്തിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും നന്മയ്ക്കുമായി പ്രാര്‍ഥിക്കുകയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കേന്ദ്ര – സംസ്ഥാന ദുരന്ത നിവാരണ ഏജന്‍സികളുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. മമത ബാനര്‍ജിയുമായി സംസാരിച്ചുവെന്നും പ്രതികൂല കാലാവസ്ഥമൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനും അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും മുന്‍നിരയിലുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിന്റെ തീരദേശ ജില്ലകളില്‍ നാശം വിതച്ചതിനെത്തുടര്‍ന്ന് ഏഴുപേരാണ് മരിച്ചത്.


LEAVE A REPLY

Please enter your comment!
Please enter your name here