കൊച്ചി: ഐ.എസ്.എല്ലിലെ തങ്ങളുടെ നാലാം മത്സരത്തില്‍ ഒഡിഷയ്‌ക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് ഗോള്‍രഹിത സമനില. പരിക്ക് കാരണം ആദ്യ 23 മിനിറ്റിനുള്ളില്‍ തന്നെ രണ്ട് താരങ്ങളെ നഷ്ടമായതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. ഇതോടെ ആറാം സീസണിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയമില്ലാതെ കേരളം കളത്തില്‍ നിന്നുകയറി.

ഒഡിഷയ്‌ക്കെതിരായ മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ ഡിഫന്‍ഡര്‍ ജെയ്‌റോ റോഡ്രിഗസിന് പേശീവലിവ് കാരണം പിന്മാറേണ്ടി വന്നു. എന്നാല്‍ മഞ്ഞപ്പടയുടെ ശനിദശ അവിടംകൊണ്ടും തീര്‍ന്നില്ല. 23-ാം മിനിറ്റില്‍ ഒഡിഷ താരം അഡ്രിയാന്‍ സന്റാനയുമായി കൂട്ടിയിടിച്ച ബ്ലാസ്റ്റേഴ്‌സ് താരം മെസ്സി ബൗളി ബോധരഹിതനായത് സ്‌റ്റേഡിയത്തെ ആശങ്കയിലാഴ്ത്തി. 

ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ഒരു കോര്‍ണര്‍ ഗോളിലേക്ക് തിരിച്ചുവിടാനുള്ള ശ്രമത്തിലിടെ മെസ്സി, സന്റാനയുമായി കൂട്ടിയിടിക്കുകയായിരുന്നു. മെസ്സി ബോധരഹിതനായതോടെ ആംബുലന്‍സ് മൈതാനത്തേക്കെത്തി. അഞ്ചു മിനിറ്റോളം മത്സരം നിര്‍ത്തിവെയ്ക്കുകയും ചെയ്തു. 

എന്നാല്‍ അല്‍പസമയത്തിനു ശേഷം മെസ്സി ബോധം വീണ്ടെടുത്തത് ഏവര്‍ക്കും ആശ്വാസമായി. മെസ്സിയെ ഡഗ്ഔട്ടിലേക്ക് മാറ്റി. 

35-ാം മിനിറ്റില്‍ സഹലിനെ ബോക്‌സില്‍ വീഴ്ത്തയതിന് കേരളം പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്‌തെങ്കിലും റഫറി അനുവദിക്കാതിരുന്നതും കേരളത്തിന് തിരിച്ചടിയായി. 

പരിക്ക് കാരണം വിരസമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയില്‍ ഇരു ടീമുകളും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തി. മലയാളി താരങ്ങളായ കെ. പ്രശാന്തും കെ.പി. രാഹുലും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ വിനയായി.

78-ാം മിനിറ്റില്‍ റാഫിക്ക് പകരം ഓഗ്‌ബെച്ചെയെ കളത്തിലിറക്കിയെങ്കിലും സമനിലക്കുരുക്ക് പൊട്ടിക്കാന്‍ കേരളത്തിനായില്ല. 86-ാം മിനിറ്റില്‍ ഓഗ്‌ബെച്ചെയുടെ പാസില്‍ നിന്നുള്ള രാഹുലിന്റെ ഷോട്ട് ഗോളി ഫ്രാന്‍സിസ്‌കോ രക്ഷപ്പെടുത്തുകയും ചെയ്തതോടെ കേരളത്തിന് നിരാശ മാത്രമായി.


LEAVE A REPLY

Please enter your comment!
Please enter your name here