മുംബൈ: ശിവസേനയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി ദേവേന്ദ്ര ഫഡ്‌നവിസ്. മഹാരാഷ്ട്ര മുഖ്യമന്ത്രിപദം രാജിവെച്ചു കൊണ്ടുള്ള കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഫഡ്‌നവിസ് ശിവസേനയ്‌ക്കെതിരെ ആഞ്ഞടിച്ചത്. 

സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ നൂറുശതമാനവും കാരണക്കാര്‍ ശിവസേനയാണെന്ന് ഫഡ്‌നവിസ് ആരോപിച്ചു. അവര്‍ എന്റെ ഫോണ്‍ കോളുകള്‍ എടുത്തില്ല. അവരാണ് ചര്‍ച്ച നിര്‍ത്തിയത്. സഖ്യം ഇതുവരെയും തകര്‍ന്നിട്ടില്ല. അങ്ങനെ ഞങ്ങളോ അവരോ പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്രത്തില്‍ ഇരുപാര്‍ട്ടികളും ഇപ്പോഴും ഒരുമിച്ചാണ്- ഫഡ്‌നവിസ് പറഞ്ഞു. 

മുഖ്യമന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം പങ്കുവെക്കാമെന്ന് ശിവസേനയുമായി ധാരണ ഉണ്ടാക്കിയിട്ടില്ലെന്നും ഫഡ്‌നവിസ് പറഞ്ഞു.  ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് അമിത് ഷായും നിതിന്‍ ഗഡ്കരിയും വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബാല്‍താക്കറെയെ ഞങ്ങള്‍ എല്ലാവരും ബഹുമാനിച്ചിട്ടേയുള്ളു. ഉദ്ധവ് താക്കറേക്ക് എതിരായും ഞങ്ങള്‍ ആരും ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ഇക്കഴിഞ്ഞ അഞ്ചുവര്‍ഷവും പ്രത്യേകിച്ച് ഇക്കഴിഞ്ഞ പത്തുദിവസത്തിനിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഞങ്ങളുടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുണ്ടായ പ്രസ്താവനകള്‍ സഹിക്കാവുന്നതല്ല- ഫഡ്‌നവിസ് കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിലെ നിലവിലെ നിയമസഭയുടെ കാലാവധി നവംബര്‍ ഒമ്പതിന് അവസാനിക്കും. എന്നാല്‍ സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ ഇനിയും വിജയം കണ്ടിട്ടില്ല. മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശിവസേനയും ബി.ജെ.പിയും തമ്മില്‍ അഭിപ്രായ സമന്വയത്തില്‍ എത്താത്തതാണ് ഇതിനു കാരണം.


LEAVE A REPLY

Please enter your comment!
Please enter your name here