ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരേ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുമ്പാണ് മോദി സര്‍ക്കാരിന് കീഴില്‍ എപ്പോഴും മിന്നലാക്രമണങ്ങള്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അഖിലേഷ് സിങ് പറഞ്ഞു. 

മോദി സര്‍ക്കാര്‍ ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിച്ചെന്നും പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഞായറാഴ്ച നടത്തിയ സൈനിക നടപടി യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. 

ഏതെങ്കിലും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കില്‍ മോദി സര്‍ക്കാര്‍ ഒരു മിന്നലാക്രമണത്തിനുള്ള വഴിയൊരുക്കും. ഇപ്പോള്‍ മിന്നലാക്രമണത്തിലൂടെയാണ് രാഷ്ട്രീയം പറയുന്നതെന്നും ഇത് രാജ്യത്തെ പ്രശ്‌നങ്ങളില്‍നിന്നും ശ്രദ്ധതിരിക്കാനാണെന്നും അഖിലേഷ് സിങ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യോട് പറഞ്ഞു. 

അതേസമയം, കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം വെറും അസംബന്ധമാണെന്ന് ബി.ജെ.പി. വക്താവ് ഷാനവാസ് ഹുസൈന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ആരോപിക്കുന്നത് പോലെ ഇതിനൊന്നും പരസ്പര ബന്ധമില്ലെന്നും ഹരിയാണയിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും സീറ്റുകളുടെ എണ്ണം ഒറ്റസംഖ്യയിലേക്ക് ചുരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 


LEAVE A REPLY

Please enter your comment!
Please enter your name here