മുംബൈ: മഹാരാഷ്ട്രയില്‍ ഭരണ, പ്രതിപക്ഷ കക്ഷികള്‍ക്ക് ഒരുപോലെ ഭീഷണിയായി മൂന്നാം മുന്നണി. പ്രകാശ് അംബേദ്കറിന്റെ വി.ബി.എ- അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം സഖ്യമാണ് ഇത്തവണ ബി.ജെ.പി-ശിവസേനാ സഖ്യത്തിനും കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിനും ഭീഷണി ഉയര്‍ത്തുന്നത്.

വി.ബി.എയുമായി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം ശ്രമിച്ചിരുന്നെങ്കിലും അത് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും സാധ്യമായില്ലെന്നത് അവരെ ആശങ്കപ്പെടുത്തുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വി.ബി.എ-എ.ഐ.എം.ഐ.എം സഖ്യം 7.6 ശതമാനം വോട്ട് നേടുകയും ഔറംഗബാദ് സീറ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു. അവര്‍ മത്സരിച്ച ഒമ്പത് സീറ്റുകളില്‍ ഏഴിലും കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം ഏഴാം സ്ഥാനത്തായിരുന്നു.

കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും വോട്ടുകള്‍ അവര്‍ നേടുമ്പോള്‍ ബി.ജെ.പി-ശിവസേനാ സഖ്യം അനായാസമായി ജയിക്കുന്നത് ഇത്തവണയും തുടരുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ബി.ജെ.പിയും ശിവസേനയും അടങ്ങുന്ന എന്‍.ഡി.എയ്ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല ഇനി പറയുന്ന കണക്കുകള്‍.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ശിവസേനാ സഖ്യം നേടിയത് 50.9 ശതമാനം വോട്ടാണ്. 2014-ലേതുമായി നോക്കുമ്പോള്‍ 0.4 ശതമാനത്തിന്റെ കുറവാണ് ഇതിലുള്ളത്. ഈ സഖ്യത്തോടൊപ്പം മറ്റ് മൂന്ന് പാര്‍ട്ടികളും മത്സരിച്ചിരുന്നു.

എന്‍.ഡി.എയുടെ വോട്ട് കുറഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന്റെ വോട്ടുവിഹിതത്തില്‍ വര്‍ധനവുണ്ടായി. 13.9 ശതമാനമെന്നത് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിനു നേരിയ വര്‍ധനവോടെ 14 ശതമാനമായി.

എന്നാല്‍ 2014-ല്‍ പ്രതിപക്ഷം നേടിയ ഹിംഗോലി, കോല്‍ഹാപുര്‍, നന്ദേഡ്, മധ സീറ്റുകള്‍ ഇത്തവണ അവര്‍ക്കു നിലനിര്‍ത്താനായില്ല. നന്ദേഡില്‍ മൂന്നാം മുന്നണിയുടെ സാന്നിധ്യമാണു കാര്യങ്ങള്‍ തകിടം മറിച്ചത്.

ഈ നാല് സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ പ്രതിപക്ഷത്തിന്റെ വോട്ടുവിഹിതം കൂടിയപ്പോള്‍ എന്‍.ഡി.എയ്ക്ക് ഗണ്യമായ കുറവുണ്ടാക്കി. അതുകൊണ്ടുതന്നെ മേഖലാടിസ്ഥാനത്തില്‍ ഇരുമുന്നണികള്‍ക്കും ഇത്തവണയും ഭീഷണി ഉയര്‍ത്താന്‍ മൂന്നാം മുന്നണിക്കാവും.

128 നിയമസഭാ മണ്ഡലങ്ങളിലാണു മൂന്നാം മുന്നണിക്ക് സ്വാധീനമുണ്ടാക്കാന്‍ കഴിയുന്നത്. അവിടങ്ങളില്‍ പട്ടികജാതി വിഭാഗക്കാരും മുസ്‌ലിങ്ങളും 25 ശതമാനത്തില്‍ അധികമുണ്ട്. സംസ്ഥാനത്തെ ശരാശരി തന്നെ 23.3 ശതമാനം മാത്രമാണ്.

എന്നാല്‍ മൂന്നാം മുന്നണിയെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം തയ്യാറായിട്ടില്ല. ഭാവിയില്‍ മൂന്നാം മുന്നണിയുടെ പിന്തുണ അവര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നുള്ളതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here