ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ നാലാം ജയവുമായി കേരളം. ഓപ്പണര്‍ വിഷ്ണു വിനോദിന്റെ വെടിക്കെട്ട് സെഞ്ചുറി മികവില്‍ കേരളം ആന്ധ്രയെ ആറു വിക്കറ്റിന് തോല്‍പ്പിച്ചു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തപ്പോള്‍ കേരളം 39.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 

വെറും 89 പന്തില്‍ നിന്ന് ഒമ്പത് സിക്‌സും 13 ബൗണ്ടറിയുമടക്കം 139 റണ്‍സെടുത്ത വിഷ്ണു വിനോദാണ് കേരളത്തിന്റെ വിജയം എളുപ്പമാക്കിയത്. ഈ ടൂര്‍ണമെന്റില്‍ വിഷ്ണുവിന്റെ മൂന്നാം സെഞ്ചുറിയായിരുന്നു ഇത്. ഒരു റണ്ണിന് രണ്ടു വിക്കറ്റ് നഷ്ടമായി തകര്‍ച്ച മുന്നില്‍ കണ്ട ഘട്ടത്തിലാണ് വിഷ്ണു കേരളത്തിന്റെ രക്ഷകനായത്. ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ (1) സഞ്ജു സാംസണ്‍ (0) എന്നിവരെയാണ് കേരളത്തിന് തുടക്കത്തിലേ നഷ്ടമായത്.  ജലജ് സക്‌സേന (46*), പി. രാഹുല്‍ (27*) എന്നിവര്‍ പുറത്താകാതെ നിന്നു. സച്ചിന്‍ ബേബി 19 റണ്‍സെടുത്ത് പുറത്തായി.

മൂന്നാം വിക്കറ്റില്‍ സച്ചിനൊപ്പം 78 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ വിഷ്ണു നാലാം വിക്കറ്റില്‍ ജലജ് സക്‌സേനയ്‌ക്കൊപ്പം 110 റണ്‍സും കൂട്ടിച്ചേര്‍ത്തു. ജയത്തോടെ എട്ടു മത്സരങ്ങളില്‍ നിന്ന് കേരളത്തിന് 16 പോയന്റായി. 

റിക്കി ബൂയി (58), കരണ്‍ ഷിന്‍ഡെ (38), സുമനാഥ് (31), നരേന്‍ റെഡ്ഡി (30), അശ്വിന്‍ ഹെബ്ബാര്‍ (31) എന്നിവരുടെ മികവിലാണ് ആന്ധ്ര 230 റണ്‍സെടുത്തത്.


LEAVE A REPLY

Please enter your comment!
Please enter your name here