തൃശ്ശൂര്‍: കയ്പമംഗലത്ത് പെട്രോള്‍ പമ്പുടമയെ കാര്‍ തട്ടിയെടുത്ത് ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശ്ശൂര്‍ സ്വദേശികളായ അനീസ്, അന്‍സാര്‍, സ്റ്റിയോ എന്നിവരാണ് അറസ്റ്റിലായത്. പമ്പിലെ കളക്ഷന്‍ തുക തട്ടിയെടുക്കലായിരുന്നു ലക്ഷ്യം. മനോഹരന്‍റെ കാറിനു പിന്നില്‍ ബൈക്ക് ഇടിച്ച് അപകടനാടകം സൃഷ്ടിച്ചു. കാറില്‍നിന്ന് മനോഹരന്‍ ഇറങ്ങിയപ്പോള്‍ തോക്ക് ചൂണ്ടി ബന്ദിയാക്കി. പണം കിട്ടാത്ത ദേഷ്യത്തിന് ശ്വാസംമുട്ടിച്ച് കൊന്നുവെന്ന് ഡിഐജി എസ്. സുരേന്ദ്രന്‍ പറഞ്ഞു. 

പമ്പിലെ കലക്ഷന്‍ തുകയാകട്ടെ മനോഹരന്‍ കാറില്‍ സൂക്ഷിച്ചിരുന്നില്ല. പമ്പില്‍തന്നെയായിരുന്നു പണം. കാറിനുള്ളില്‍ പണം ഒളിപ്പിച്ചിരിക്കാമെന്ന ധാരണയില്‍ ആ കാറില്‍തന്നെ തട്ടിക്കൊണ്ടുപോയി. ബഹളം വച്ചപ്പോള്‍ മുഖംപൊത്തിപിടിച്ചതോടെ ശ്വാസംമുട്ടി മരിച്ചു. മൃതദേഹം ഗുരുവായൂരിലും കാര്‍ മലപ്പുറം അങ്ങാടിപ്പുറത്തും ഉപേക്ഷിച്ചാണ് പ്രതികള്‍ നാട്ടിലേക്കു മടങ്ങിയത്.

ആസൂത്രണത്തോടെയായിരുന്നു കൊലപാതകം നടത്തിയതെന്ന് ഡിഐജി പറഞ്ഞു. സംഭവത്തിന്റെ തലേദിവസവും ഇയാളില്‍ നിന്ന് പണം തട്ടാന്‍ ഇവര്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും നടക്കാതെ പോവുകയായിരുന്നു. മനോഹരനില്‍ നിന്ന് പണം തട്ടിയെടുത്ത ശേഷം നാടുവിടാനായിരുന്നു ഇവരുടെ പരിപാടി. അനീസാണ് കൊലയുടെ മാസ്റ്റര്‍ ബ്രയിനായി പ്രവര്‍ത്തിച്ചത്. ആനീസ് ആന്‍സാറും സുഹൃത്തുക്കാളാണ്. മൂവര്‍ക്കും 21 വയസ് മാത്രമാണുള്ളതെന്നും പൊലീസ് പറഞ്ഞു.


LEAVE A REPLY

Please enter your comment!
Please enter your name here