കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ മുഖ്യ സഹായിയായിരുന്ന കൂട്ടുപ്രതി എം. എസ് മാത്യുവിന്റെ മൊഴി പുറത്ത്. സയനൈഡ് ലഭിക്കാന്‍ രണ്ടുകുപ്പി മദ്യവും 5000 രൂപയും പ്രജികുമാറിന് നല്‍കിയെന്നാണ് മാത്യു അന്വേഷണസംഘത്തോട് വ്യക്തമാക്കിയത്. രണ്ടുതവണ ചോദിച്ചെങ്കിലും ഒരു തവണ മാത്രമാണ് പ്രജികുമാര്‍ സയനൈഡ് നല്‍കിയതെന്നും മാത്യു പറഞ്ഞു. മാത്യു രണ്ടു തവണ സയനൈഡ് നല്‍കിയിരുന്നതായി ജോളി പൊലീസിനോട് വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ മാത്യുവിന് ഒരു തവണ മാത്രമാണ് സയനൈഡ് നല്‍കിയതെന്നാണ് പ്രജികുമാര്‍ പൊലീസിന് മൊഴി നല്‍കിയത്. പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിച്ചതെന്നു പ്രജികുമാര്‍ മൊഴി നല്‍കിയിരുന്നു. ഇരുവരുടെയും മൊഴികളിലെ വൈരുധ്യം പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മാത്യുവിനെ അന്വേഷണസംഘം വീണ്ടും വിശദമായി ചോദ്യം ചെയ്തത്. 

പ്രജികുമാറിനു പുറമേ മറ്റൊരാളില്‍ നിന്നുകൂടി സയനൈഡ് വാങ്ങിയിരുന്നതായി മാത്യു സമ്മതിച്ചു. ഇയാള്‍ മരിച്ചുപോയതിനാല്‍ ആ വഴിക്ക് ഇപ്പോള്‍ അന്വേഷണം നടത്തേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം.

കൊലപാതകത്തിനു ജോളി ഉപയോഗിച്ചതു പൊട്ടാസ്യം സയനൈഡ് അല്ല. സോഡിയം സയനൈഡോ മറ്റോ ആണെന്നാണ് പൊലീസിന്റെ നിഗമനം. പൊട്ടാസ്യം സയനൈഡിനു വലിയ വിലയാണ് എന്നതാണ് ഈ വിലയിരുത്തലിന് കാരണം.  ജോളിയുടെ സഹോദരി ഭര്‍ത്താവ് രാജകുമാരി സ്വദേശി ജോണിയെ പൊലീസ് ചോദ്യം ചെയ്തു. ജോളിക്കു വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിനു സഹായം ചെയ്തത് ജോണി ആണെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. കുറ്റകൃത്യങ്ങളുമായി ബന്ധമില്ലെന്നും ജോളിയുമായി സഹോദരി എന്ന നിലയിലുള്ള ബന്ധം മാത്രമാണുള്ളതെന്നും ജോണി പറഞ്ഞു.

അതേസമയം അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം കൊല്ലപ്പെട്ട റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോ  നാട്ടിലെത്തി. അമേരിക്കയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ റോജോ വൈക്കത്തുള്ള സഹോദരി രഞ്ജിയുടെ വീട്ടേക്കു പോയി. നാളെ വടകര റൂറല്‍ എസ്പി ഓഫീസില്‍ വച്ച് അന്വേഷണ സംഘം റോജോയുടെ മൊഴിയെടുക്കും. സംഭവത്തില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സക്കറിയയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മുഖ്യപ്രതി ജോളിയുടെ കുടെയിരുത്തിയാകും ചോദ്യം ചെയ്യല്‍. ഭാര്യയായിരുന്ന സിലിയുടെയും മകള്‍ ഒന്നരവയസ്സുകാരി ആല്‍ഫൈനിന്റെയും മരണങ്ങളില്‍ മുന്‍പും അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്തിരുന്നു. സിലിയെ കൊലപ്പെടുത്താൻ മൂന്നുതവണ ശ്രമിച്ചിരുന്നതായും, കൊലപാതകത്തിന് ഷാജുവിന്റെ പിന്തുണയുണ്ടായിരുന്നതായും ജോളി പൊലീസിന് മൊഴി നൽകിയിരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here