വിശാഖപട്ടണത്തേതിന് പിന്നാലെ പുനെയിലും ഇന്ത്യ. ഇന്നിങ്‌സ് ജയം സ്വന്തമാക്കിയാണ് പുനെയില്‍ നാലാം ദിനം തന്നെ കോഹ് ലിയും സംഘവും കളി അവസാനിപ്പിച്ചത്. സൗത്ത് ആഫ്രിക്കയെ ഫോളോഓണ്‍ ചെയ്യിച്ച് കോഹ് ലിയും സംഘവും സന്ദര്‍ശകരെ 189 റണ്‍സിന് ഓള്‍ ഔട്ടാക്കി 137 റണ്‍സിന്റെ ജയം പിടിച്ചു. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. 

രണ്ട് ദിവസം കയ്യിലിരിക്കെയാണ് 326 റണ്‍സ് മുന്‍പില്‍ വെച്ച് സൗത്ത് ആഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിക്കാനുള്ള ധൈര്യം കോഹ് ലി കാണിച്ചത്. എന്നാല്‍, കോഹ് ലിയുടെ തീരുമാനം തെറ്റിയില്ലെന്ന് ആദ്യ ഓവറില്‍ തന്നെ വ്യക്തമായിരുന്നു. മര്‍ക്രാമിനെ 2 ബോളില്‍ ഡക്കാക്കി ഇഷാന്ത് ശര്‍മയാണ് തുടങ്ങിയത്. 

നാലാം ദിനവും ഇന്ത്യയെ സൗത്ത് ആഫ്രിക്കന്‍ നിരയില്‍ അലോസരപ്പെടുത്തിയത് കേശവ് മഹാരാജാണ്. എട്ടാം വിക്കറ്റില്‍ കേശവ് മഹാരാജും ഫിലാന്‍ഡറും ചേര്‍ന്ന് 56 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തു. എന്നാല്‍ നാലാം ദിനം തന്നെ കളി തീര്‍ക്കുക എന്നത് ഇന്ത്യ ലക്ഷ്യമിട്ടപ്പോള്‍ ആ കൂട്ടുകെട്ട് അധികം നീണ്ടില്ല.

ഫ്‌ലിക്ക് ചെയ്യാനുള്ള ഫിലാന്‍ഡറിന്റെ ശ്രമം പാളി പന്ത് എഡ്ജ് ചെയ്ത് കീപ്പറിന്റെ കൈകളിലേക്ക്. ഇതോടെ സൗത്ത് ആഫ്രിക്കയുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു. 48 റണ്‍സ് എടുത്ത എല്‍ഗറാണ് സന്ദര്‍ശകരുടെ രണ്ടാം ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍. ബവുമ 38 റണ്‍സും, ഫിലാന്‍ഡര്‍ 37 റണ്‍സുമെടുത്തു. 

ഇന്ത്യന്‍ പേസര്‍മാരും സ്പിന്നര്‍മാരും ഒരേപോലെ സൗത്ത് ആഫ്രിക്കയെ ആക്രമിക്കുകയായിരുന്നു. ഉമേഷ് യാദവും ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അശ്വിന്‍ രണ്ടും ഷമിയും ഇശാന്തും ഓരോ വിക്കറ്റും നേടി. ഇന്ത്യയുടെ അഞ്ച് പ്രധാന ബൗളര്‍മാരുടേയും ഇക്കണോമി റേറ്റ് നാല് തൊട്ടിട്ടില്ല. 

ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ പോയിന്റ് 200ലേക്കെത്തി. വിശാഖപട്ടണം ടെസ്റ്റിലെ ജയത്തോടെ ഇന്ത്യയുടെ പോയിന്റ് 160ലേക്ക് എത്തിയിരുന്നു. ഒരു പോയിന്റിന് 40 പോയിന്റാണ് ലഭിക്കുക.
 


LEAVE A REPLY

Please enter your comment!
Please enter your name here