മഹാബലിപുരം: തീവ്രവാദത്തിനെതിരെ യോജിച്ച നീക്കങ്ങള്‍ നടത്താന്‍ ഇന്ത്യയും ചൈനയും തമ്മില്‍ കൈകോര്‍ക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനൗദ്യോഗിക ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. രണ്ട് ദിവസമായി നടന്ന ചര്‍ച്ചകള്‍ അവസാനിച്ചു. ഇരു രാജ്യങ്ങളുടേയും വികാരങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നോട്ട് പോകുമെന്ന് ഇരുവരും പ്രഖ്യാപിച്ചു. ഷി ജിന്‍പിങിന്റെ ചിത്രമുള്ള ഒരു പട്ടു വസ്ത്രം മോദി പ്രസിഡന്റിന് സമ്മാനിച്ചു. 

കശ്മീര്‍ വിഷയം ഇരുവരും തമ്മിലുള്ള യോഗത്തില്‍ ചര്‍ച്ചയായില്ല. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. ഇക്കാര്യത്തിലെ ഇന്ത്യയുടെ നിലപാട് സുവ്യക്തമാണെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. ചര്‍ച്ചയില്‍ പാക് തീവ്രവാദം മോദി ഉന്നയിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ കണ്ടെത്താന്‍ ഇരു രാജ്യങ്ങളും ശ്രമിക്കും. 3,500 കിലോമീറ്ററുള്ള ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളിലേയും സൈനികര്‍ തമ്മിലുള്ള വ്യാപാരവും സഹകരണവും വര്‍ധിപ്പിക്കും. 

ഇന്ത്യയിലേയും ചൈനയിലേയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നൊരു പുതിയ കാഴ്ചപ്പാട് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞതായി അധികൃതര്‍ പറഞ്ഞു. വ്യാപാരം, നിക്ഷേപം, സേവനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി ഒരു പുതിയ സംവിധാനം സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം, പാരിസ്ഥിതിക വിഷയങ്ങള്‍ എന്നിവയും ചര്‍ച്ച ചെയ്തു.

മഹാബലിപുരത്ത് എത്തിയത് മഹത്തായ അനുഭവമായിരുന്നു. അവിസ്മരണീയമായ കൂടിക്കാഴ്ചയാണ് നടന്നത്. ചര്‍ച്ചകള്‍ ചൈനീസ് ജനതയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും ഷി ജിന്‍പിങ് വ്യക്തമാക്കി. രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്കായി ഷി ജിന്‍പിങ് മോദിയെ ചൈന സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. ക്ഷണം മോദി സ്വീകരിച്ചതായും ദിവസം സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി. 

രണ്ടാം അനൗദ്യോഗിക ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയ ഷി ജിന്‍പിങിന് നന്ദി പറയുന്നതായി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഇന്ത്യ- ചൈന ബന്ധത്തില്‍ പുതുയുഗം പിറന്നതായും മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഇന്ത്യയിലെയും ലോകത്തിലെയും മുഴുവന്‍ ജനങ്ങള്‍ക്കും ഉപകാരപ്പെടുന്നതാണെന്നും അദ്ദേഹം കുറിച്ചു.
 


LEAVE A REPLY

Please enter your comment!
Please enter your name here