കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിച്ചുകളയുന്നതിന് കമ്പനികളെ തെരഞ്ഞെടുത്ത നടപടിക്ക് നഗരസഭ അംഗീകാരം നല്‍കിയില്ല. ഇന്നു പ്രത്യേക കൗണ്‍സില്‍ ചേര്‍ന്നെങ്കിലും ഇക്കാര്യം അജന്‍ഡയില്‍ ഇല്ലാത്തതിനാല്‍ അംഗീകാരം നല്‍കാനാവില്ലെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. അതേസമയം പൊളിക്കല്‍ നടപടിയുമായി മുന്നോട്ടുപോവുമെന്ന് സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു.

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ രണ്ട് കമ്പനികളെ സാങ്കേതിക ഉപദേഷ്ടാവ് ശരത് സാര്‍വതെയുടെ നേതൃത്വത്തിലുളള സാങ്കേതിക സമിതി തെരഞ്ഞടുത്തിരുന്നു. എഡിഫൈസ് എഞ്ചിനീയറിങ്ങും വിജയ് സ്റ്റീല്‍സും ചേര്‍ന്നാണ് നാല് ഫ്ലാറ്റുകളും പൊളിക്കുന്നത്. നഗരസഭ കൗണ്‍സില്‍ അഗീകാരത്തോടെ ഇന്ന് തന്നെ ഫ്ലാറ്റുകള്‍ കമ്പനികള്‍ക്ക് കൈമാറുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സുരക്ഷിതമായി ഫ്ലാറ്റുകള്‍ പൊളിക്കും എന്ന് സാങ്കേതിക സമിതി നഗരസഭാ അധികൃതര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് കാരണത്താലാണ് നഗരസഭയുടെ ഉടക്ക്. 

നഗരസഭയുടെ അനുമതി ലഭിച്ചെങ്കില്‍ മാത്രമെ പൊളിക്കല്‍ നടപടികള്‍ ആരംഭിക്കാനാവു. ഫ്ലാറ്റുകള്‍ക്ക് ചുറ്റുമുള്ള ജലാശയത്തില്‍ അവശിഷ്ടങ്ങള്‍ വീഴാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കുമെന്നും സാങ്കേതിക സമിതി അറിയിച്ചു. ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി കലക്ടര്‍ സുഹാസ് ഫ്ലാറ്റുകള്‍ നഗരസഭയ്ക്ക് കൈമാറി. ഫ്ലാറ്റുകള്‍ പൊളിക്കുന്നത്തിനുള്ള നടപടിക്രമങ്ങളുടെ പൂര്‍ണ ചുമതല നഗരസഭയ്ക്ക് ആയിരിക്കും എന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.


LEAVE A REPLY

Please enter your comment!
Please enter your name here