കൊല്‍ക്കത്ത: ഇടതു പാര്‍ട്ടികളുമായുള്ള ബന്ധം തുടരാനും ഒരുമിച്ചു സമരപരിപാടികള്‍ നടത്താനും ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശം. കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ മന്നന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സോണിയയുമായി സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി ചര്‍ച്ച ചെയ്തതായി അബ്ദുല്‍ മന്നന്‍ പറഞ്ഞു. ഇടതു പാര്‍ട്ടികളുമായി ചേര്‍ന്ന് സംയുക്ത പ്രക്ഷോഭങ്ങള്‍ നടത്താന്‍ സോണിയ ആവശ്യപ്പെട്ടു. നിര്‍ദിഷ്ട ഇടതു-കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് ജനങ്ങളില്‍ മതിപ്പുണ്ടാക്കാന്‍ അത് ഉപകരിക്കുമെന്നാണ് സോണിയ അഭിപ്രായപ്പെട്ടത്. തൃണമൂലിനും ബിജെപിക്കും എതിരായി ഇടതു പക്ഷവുമായി ചേര്‍ന്നു പ്രക്ഷോഭങ്ങള്‍ നടത്താന്‍ സോണിയ നിര്‍ദേശിച്ചെന്ന് മന്നന്‍ വെളിപ്പെടുത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ വെളിച്ചത്തിലാണ് ഇടതുപക്ഷവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സോണിയയുടെ നിര്‍ദേശമെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു. സഖ്യനീക്കങ്ങള്‍ ശക്തമാക്കി മുന്നോട്ടുപോവാനാണ് സോണിയയുടെ തീരുമാനം. വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്കായി ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ സീറ്റു ധാരണ ഉണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ സീറ്റു പങ്കുവയ്ക്കല്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ധാരണയിലെത്താനായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ചാണ് ഇരുപക്ഷവും മത്സരിച്ചത്.
 


LEAVE A REPLY

Please enter your comment!
Please enter your name here