തിരുവനന്തപുരം: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരായ പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി സുധാകരന് ക്ലീന്‍ ചിറ്റ്. ആരുടെയും പേരെടുത്തു പറഞ്ഞല്ല മന്ത്രിയുടെ പരാമര്‍ശമെന്നും അതില്‍ തെരഞ്ഞടുപ്പ് ചട്ടലംഘനമില്ലെന്നും മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പറഞ്ഞു.

മന്ത്രിയുടെ പരാമര്‍ശത്തില്‍ ദുരുദ്ദേശ്യമൊന്നും കണ്ടെത്താനായില്ല. കലക്ടറുടെയും എസ്പിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ നടപടി. ജി സുധാകരന്റെ വിശദീകരണവും പ്രസംഗത്തിന്റെ വീഡിയോയും തെരഞ്ഞടുപ്പ് കമ്മീഷന്‍ പരിശോധിച്ചിരുന്നു.
തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു ജി സുധാകരന്റെ പരാമര്‍ശം. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു ഡി എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടിയാണ് മന്ത്രിക്കെതിരെ ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു

അതേസമയം തനിക്കെതിരായ ആരോപണത്തില്‍ മന്ത്രി ജി സുധാകരനും ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. യുഡിഎഫ് നേതാക്കള്‍ അസത്യം പ്രചരിപ്പിക്കുകയാണെന്ന് കാണിച്ചാണ് ജി സുധാകരന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. പ്രസംഗം വിവാദമായതോടെ, ഷാനിമോള്‍ സ്വന്തം സഹോദരിയെ പോലെയാണെന്ന് ജി സുധാകരന്‍ പറഞ്ഞിരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here