ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലകളിലെ കളക്ടർമാരുമായും ജില്ലാ പോലീസ് മേധാവിമാരുമായും എസ്.പിമാരുമായും റിട്ടേണിംഗ് ഓഫീസർമാരുമായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വീഡിയോ കോൺഫറൻസ് നടത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി.

പോളിംഗ് സ്‌റ്റേഷനുകളിലെ സജ്ജീകരണങ്ങൾ, വെബ്കാസ്റ്റിംഗ് സംവിധാനം, കള്ളനോട്ട് തടയാനുള്ള നടപടികൾ, ക്രമസമാധാനപ്രശ്‌നങ്ങൾ തുടങ്ങിയവ അദ്ദേഹം വിശദമായി വിലയിരുത്തി. മാതൃകാ പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കളക്ടർമാർ അതതു മണ്ഡലങ്ങളിൽ സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിശദീകരിച്ചു. ജില്ലാ പോലീസ് മേധാവിമാരും എസ്.പിമാരും പോലീസ്തലത്തിൽ കൈക്കൊണ്ട നടപടികൾ വിശദീകരിച്ചു.
സംസ്ഥാന അതിർത്തിയിലുള്ള മണ്ഡലമായ മഞ്ചേശ്വരത്ത് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചു.

കർണാടകവുമായി ചേർന്ന പോളിംഗ് സ്‌റ്റേഷനുകളിലും അതിർത്തി കടന്നെത്തി വോട്ടിംഗ് നടത്താനുള്ള സാധ്യതകൾ തടയാൻ ശക്തമായ സംവിധാനമൊരുക്കും. ഇതിനായി ശക്തമായ നിരീക്ഷണം, വെബ്കാസ്റ്റിംഗ്, അതിർത്തിയിൽ പരിശോധന എന്നിവ ഏർപ്പെടുത്താൻ നിർദേശം നൽകി. മണ്ഡലത്തിൽ 16 അതിർത്തി ബൂത്തുകളും 101 പ്രശ്‌നസാധ്യതാ ബൂത്തുകളുണ്ട്. മണ്ഡലങ്ങളിൽ ബുർഖ ധരിച്ചവർ ഉൾപ്പെടെ സ്ത്രീകളെ പരിശോധിക്കാൻ പ്രത്യേക വനിതാ ഓഫീസർമാരെ നിയോഗിക്കും.

ഉദ്യോഗസ്ഥൻമാർ നിഷ്പക്ഷവും നീതിപൂർവവുമായ പെരുമാറുന്നെന്ന് ഉറപ്പാക്കണം. ആരെങ്കിലും പക്ഷപാതപരമായി പെരുമാറിയാൽ ശക്തമായ നടപടിയെടുക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദേശം നൽകി. പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കുന്നെന്ന് ഉറപ്പാക്കണമെന്നും പ്രധാനപ്പെട്ട നേതാക്കളുടെ പ്രസംഗങ്ങൾ വീഡിയോ റെക്കോർഡിംഗ് ചെയ്യണമെന്നും നിർദേശിച്ചു.

വോട്ടർപ്പട്ടിക വിശദമായി പരിശോധിച്ച് നിശ്ചിത തീയതിക്കകം ലഭിച്ച പുതിയ അപേക്ഷകൾ കൂടി പരിഗണിച്ച് തയാറാക്കിയ സപ്ലിമെൻററി വോട്ടർപട്ടിക ഉൾപ്പെടെ രാഷ്ട്രീയ കക്ഷികൾക്ക് നൽകാനും ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ, വിവി പാറ്റ് എന്നിവ കൈകാര്യം ചെയ്യാൻ വിശദമായ പരിശീലനം പോളിംഗ് ഉദ്യോഗസ്ഥർക്ക് നൽകാനും നിർദേശിച്ചു. ജനങ്ങളെ കൂടുതൽ ബോധവാൻമാരാക്കാൻ അതതു മണ്ഡലങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം. ഫ്‌ളൈയിംഗ് സ്‌ക്വാഡുകൾ ഉൾപ്പെടെയുള്ളവ കൂടുതൽ ശക്തമാക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചു.

വീഡിയോ കോൺഫറൺസിൽ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഹെഡ്ക്വാർട്ടേഴ്‌സ് എ.ഡി.ജി.പി മനോജ് എബ്രഹാം, ഇൻറലിജൻസ് ഐ.ജി വിനോദ്കുമാർ, സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ, എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ്, ജോയിൻറ് സി.ഇ.ഒ രമേശ് ചന്ദ്രൻ നായർ തുടങ്ങിയവരും സംബന്ധിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here