കോഴിക്കോട്: കൂടത്തായി കേസില്‍ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കോഴിക്കോട് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ ഐ.പി.എസ്. കേസ് അന്യേഷണത്തെ ബാധിക്കുന്ന തരത്തില്‍ ചോദ്യം ചെയ്യുന്നതിനെ സൂചിപ്പിച്ച്, അത്തരം കേസ് അന്വേഷണത്തെ ബാധിക്കുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് ജില്ലാ പോലീസ് മേധാവി മുന്നറിയിപ്പ് നല്‍കിയത്.
കൂടത്തായി ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ സമഗ്രമായ പൊലീസ് അന്വേഷണം നടന്ന് കൊണ്ടിരിക്കുന്ന സമയത്ത് കേസന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന വ്യാജേന ചിലര്‍ ഈ കേസ്സുമായി ബന്ധപ്പെട്ടവരെയും മറ്റും ഇന്റര്‍വ്യൂ ചെയ്യുന്നതായും ചോദ്യം ചെയ്യുന്നതായുമുള്ള പരാതി പല സ്ഥലങ്ങളില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്
ഇങ്ങനെയുള്ള പ്രവര്‍ത്തി കേസ് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്നതിനാലും നിയമ വിരുദ്ധമായതിനാലും ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും പിന്മാറണമെന്നാണ് പോലീസ് നല്‍കുന്ന അറിയിപ്പ്.
അല്ലാത്ത പക്ഷം ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് തന്നെ പൊലീസിനെ അറിയിക്കേണ്ടതാണെന്നും ജില്ലാ പൊലീസ് മൈധാവി കെ.ജി സൈമണ്‍ ഐ.പി.എസ് അറിയിച്ചു.
കൂടത്തായി കേസില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന അമിത ഉത്സാഹവും റിപ്പോര്‍ട്ടിംഗ് രീതിയേയും വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ജില്ലാ പോലീസ് മേധാവി തന്നെ ഔദ്യോഗികമായി വാര്‍ത്താ കുറിപ്പ് ഇറക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here