വാഷിംഗ്ടണ്‍: ലോകത്തിലെ 90 ശതമാനം ഇടങ്ങളിലും 2019 ല്‍ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുമെന്ന് ഐഎംഎഫിന്റെ പുതിയ മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റാലിന ജോര്‍ജിവ പറഞ്ഞു. ലോക സമ്പദ്വ്യവസ്ഥ ഇപ്പോള്‍ കടുത്ത മാന്ദ്യത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചുമതല ഏറ്റെടുത്ത ശേഷം ഐഎംഎഫ് ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അവര്‍.
ലോക വ്യാപകമായ ഇടിവ് അര്‍ഥമാക്കുന്നത് ഈ വര്‍ഷത്തെ വളര്‍ച്ച ദശകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കും. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ മാന്ദ്യം പ്രകടമാണ്. എന്നാല്‍ യൂറോ സോണ്‍, യുഎസ്, ജപ്പാന്‍ തുടങ്ങിയ വികസിത സമ്പദ്വ്യവസ്ഥകളില്‍ മാന്ദ്യം അത്ര പ്രകടമല്ലെന്നും അവര്‍ പറഞ്ഞു. ചൈനയുടെ പെട്ടെന്നുള്ള വളര്‍ച്ചയും ക്രമേണ താഴേയ്ക്കാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാഷിംഗ്ടണും ബെയ്ജിംഗും തമ്മിലുള്ള വാണിജ്യതര്‍ക്കങ്ങള്‍ പോലുള്ളവ ആഗോള മാന്ദ്യത്തിനു ഇടയാക്കി. ബ്രെക്സിറ്റ് പോലുള്ള തര്‍ക്കങ്ങളും അനിശ്ചിതത്വത്തിന് കാരണമായെന്നും ബള്‍ഗേറിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞ കൂടിയായ അവര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് പ്രതീക്ഷിച്ചതിലും ഏറെ ദുര്‍ബലമാണെന്ന് ഐഎംഎഫ് നേരത്തെ പറഞ്ഞിരുന്നു. ഏപ്രില്‍- ജൂണ്‍ ത്രൈമാസത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ (ജിഡിപി) വന്‍ ഇടിവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച് ശതമാനത്തിലേക്ക് ജഡിപി കൂപ്പുകുത്തി. വ്യവസായ ഉല്‍പാദന മേഖലയിലെ മാന്ദ്യവും കാര്‍ഷിക മേഖലയിലെ കിതപ്പുമാണ് രാജ്യത്തിന്റെ ത്രൈമാസ ജിഡിപി വളര്‍ച്ചയെ പിന്നോട്ടടിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ എട്ട് ശതമാനം വര്‍ധന ഉണ്ടായിരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here