സ്റ്റോക്കോം∙ ഓക്സിജൻ ലഭ്യതയോടുള്ള ശരീരത്തിന്റെ പ്രതികരണരീതിയുടെ സങ്കീർണതലങ്ങൾ കണ്ടെത്തി വൈദ്യശാസ്ത്രത്തിൽ പുതിയ വഴിത്തിരിവുണ്ടാക്കിയ ത്രിമൂർത്തികൾക്കാണ് വൈദ്യശാസ്ത്ര നൊബേൽ. ഓക്സിജന്റെ അളവ് കുറയുന്നതു മനസ്സിലാക്കി പുതിയ രക്താണുക്കൾ നിർമിക്കുന്നതിന്റെ രഹസ്യങ്ങളാണ് ഇവർ കണ്ടെത്തിയത്.

ഓക്സിജൻ അളവു കുറയുമ്പോൾ കോശങ്ങളിൽ ഹൈപോക്സിയ ഇൻഡ്യൂസിബിൾ ഫാക്ടർ (എച്ച്ഐഎഫ്) എന്ന പ്രോട്ടീൻ സംയുക്തം ഉൽപാദിപ്പിക്കപ്പെടുന്നു. ഇതിന്റെ ഫലങ്ങളിലൊന്ന് എറിത്രോപ്രോട്ടീൻ (ഇപിഒ) എന്ന ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നതാണ്. ഈ ഹോർമോൺ കാരണം ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കൾ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നു. രണ്ടു പതിറ്റാണ്ടിലേറെക്കാലമാണ് ഇവർ ഗവേഷണത്തിനു ചെലവിട്ടത്.

ശരീരശാസ്ത്രസംബന്ധമായി ഏറ്റവും അടിസ്ഥാനപരമായ ഈ പ്രക്രിയയാണ് ഭൂമിയിലെ ഏറ്റവും ഉയർന്ന മേഖലകളിൽ വസിക്കുന്ന മൃഗങ്ങൾക്ക് അതിജീവനശേഷി നൽകുന്നതെന്ന തിരിച്ചറിവിനപ്പുറം വിളർച്ച, കാൻസർ, ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള പുതുചികിത്സാ വഴികളിലേക്കു വെളിച്ചം വിതറാനും ഈ ശാസ്ത്രജ്ഞർക്കു കഴിഞ്ഞു. ഇവർക്ക് 2016ലെ ലാസ്കർ പുരസ്കാരവും ലഭിച്ചിരുന്നു.

ഈ ‘ഹൈപോക്സിയ’ കണ്ടുപിടിത്തം ആധാരമാക്കി വികസിപ്പിച്ച ഏതാനും പുതിയ മരുന്നുകൾ വിളർച്ച (അനീമിയ) ചികിത്സിക്കുന്നതിൽ ഫലപ്രദമാണെന്നു കരുതുന്നു. ഹൃദ്രോഗവും ശ്വാസകോശ അർബുദവും പോലെ രോഗാവസ്ഥകളിൽ രക്തത്തിൽ ആവശ്യത്തിനുള്ള അളവിൽ ഓക്സിജൻ ലഭിക്കാതെ വരുമ്പോഴും ഇത്തരം മരുന്നുകൾ ഉപയോഗപ്രദമായേക്കാം. 


LEAVE A REPLY

Please enter your comment!
Please enter your name here