തിരുവനന്തപുരം : പാവറട്ടി എക്‌സൈസ് കസ്റ്റഡി മരണം സിബിഐക്ക് വിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയിലിരിക്കെ രഞ്ജിത്തെന്ന കഞ്ചാവു കേസ് പ്രതി മര്‍ദനത്തിനിരയായി മരിച്ചതാണ് കേസ്. സുപ്രിംകോടതി വിധിപ്രകാരമാണ് നടപടി. കസ്റ്റഡി മരണങ്ങളില്‍ സംസ്ഥാന ഏജന്‍സികള്‍ തന്നെ അന്വേഷിക്കുന്നതിലെ അനൗചിത്യം സുപ്രിംകോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ച് സംസ്ഥാനത്തെ എല്ലാ കസ്റ്റഡി മരണങ്ങളുടെയും അന്വേഷണം സിബിഐക്ക് വിടാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. 

രഞ്ജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസ് പ്രതികളായ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ കൂടി ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുല്‍ ജബ്ബാര്‍, അനൂപ് കുമാര്‍, നിതിന്‍ മാധവ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. 

ഇവര്‍ ഉള്‍പ്പെടെ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുള്ളത്. പിടിയിലാകാനുള്ള രണ്ട് പേര്‍ ഇന്ന് പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ട്. സസ്‌പെന്‍ഷനിലായ എക്‌സൈസ് ഡ്രൈവര്‍ ശ്രീജിത്തിനെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. ശ്രീജിത്ത് മര്‍ദ്ദനത്തില്‍ പങ്കാളിയല്ലാത്തതിനാലാണ് ഇയാളെ കേസില്‍ പ്രതി ചേര്‍ക്കാത്തതെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രഞ്ജിത്തിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൊണ്ടു പോയ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 
 


LEAVE A REPLY

Please enter your comment!
Please enter your name here