ഇസ്‌ലാമാബാദ് ∙ അഫ്ഗാൻ ജയിലിലായിരുന്ന 11 ഉന്നത നേതാക്കൾക്കു പകരം 3 ഇന്ത്യക്കാരായ എൻജിനീയർമാരെ താലിബാൻ വിട്ടയച്ചു. എവിടെവച്ചാണു തടവുകാരുടെ കൈമാറ്റം നടന്നതെന്നു വ്യക്തമല്ല. യുഎസും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾ വീണ്ടും ആരംഭിക്കുന്നതിന്റെ മുന്നോടിയായി യുഎസ് മധ്യസ്ഥൻ സൽമയ് ഖലിൽസാദ് നടത്തിയ ചർച്ചകളെത്തുടർന്നാണു തടവുകാരുടെ കൈമാറ്റം.

അഫ്ഗാനിലെ വടക്കൻ പ്രവിശ്യയിൽ വൈദ്യുതി സബ്സ്റ്റേഷൻ സംബന്ധിച്ച പ്രവർത്തനങ്ങളിലേർ‌പ്പെട്ടിരുന്ന 7 ഇന്ത്യക്കാരായ എൻജിനീയർമാരെയും അഫ്ഗാൻകാരനായ ഡ്രൈവറെയും താലിബാൻ ഭീകരർ 2018 മേയിലാണു തട്ടിക്കൊണ്ടുപോയത്. ഇതിലൊരാളെ കഴിഞ്ഞ മാർച്ചിൽ മോചിപ്പിച്ചു.

ഇവരിൽ 3 പേരെ മോചിപ്പിക്കാൻ താലിബാൻ വിലപേശി അവരുടെ 11 ഉന്നത നേതാക്കളെ ജയിലിൽ നിന്നു സ്വതന്ത്രരാക്കുകയായിരുന്നു. വിട്ടയയ്ക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ താലിബാൻ ഭരണകാലത്ത് ഗവർണർമാരായ ഷെയ്ഖ് അബ്ദുർ റഹിം, മൗലവി അബ്ദുർ റഷിദ് എന്നിവർ വിട്ടയയ്ക്കപ്പെട്ടവരിൽ ഉണ്ടെന്നാണു സൂചന.


LEAVE A REPLY

Please enter your comment!
Please enter your name here