ബെയ്ജിങ് ∙ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സന്ദർശനത്തിനിടെ കശ്മീർ വിഷയത്തിൽ മലക്കംമറിഞ്ഞ് ചൈന. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നു ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. രണ്ടു ദിവസത്തെ ചൈനാ സന്ദർശനത്തിനായി പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചൊവ്വാഴ്ച ബെയ്ജിങ്ങിൽ എത്തിയതിനിടെയാണ് ചൈനയുടെ നിലപാട് മാറ്റം. നേരത്തെ പാക്കിസ്ഥാനു പിന്നാലെ ചൈനയും കശ്മീർ പ്രശ്നം ഐക്യരാഷ്ട്ര പൊതുസഭയിൽ ഉന്നയിച്ചിരുന്നു.

വിഷയം സമാധാനപരമായും യുഎൻ രക്ഷാസമിതിയുടെ മുൻപ്രമേയങ്ങൾക്ക് അനുസൃതമായും പരിഹരിക്കണമെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി യുഎൻ പൊതുസഭയിൽ പറ‍ഞ്ഞത്. യുഎന്നിന്റെ അവകാശപത്രികയും ഉഭയകക്ഷി കരാറുകളും അനുസരിച്ചുവേണം തർക്കം പരിഹരിക്കേണ്ടത്. അയൽരാജ്യമെന്ന നിലയിൽ, ഇന്ത്യ– പാക്ക് ബന്ധം സാധാരണ നിലയിലാകാനാണ് ആഗ്രഹിക്കുന്നതെന്നും തൽസ്ഥിതി മാറ്റിമറിക്കുന്ന നടപടികൾ പാടില്ലെന്നും വാങ് യി അഭിപ്രായപ്പെട്ടു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും മാനിക്കണമെന്നുമാണ് ഇന്ത്യ ഇതിനു മറുപടി നൽകിയത്.

അതേസമയം, വിദേശകാര്യ വക്താവ് ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ ഇന്ത്യ സന്ദർശനത്തെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ നടത്തിയില്ല. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും ഒരുമിച്ച് ബുധനാഴ്ച അറിയിക്കുമെന്നാണ് സൂചന. ഈ മാസം 11 മുതൽ 13 വരെ തമിഴ്നാട്ടിലെ ചരിത്ര നഗരമായ മഹാബലിപുരത്തുവച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിലുള്ള അനൗദ്യോഗിക കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

ഷി ചിൻപിങ്ങിന്റെ ഇന്ത്യ സന്ദർശിക്കുമെന്നു പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ നിശ്ചയിച്ചതാണ് ഇമ്രാൻ ഖാന്റെ ചൈന സന്ദർശനം. ഇമ്രാനോടൊപ്പം പാക്ക് കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‍വയും ചൈന സന്ദർശിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉച്ചകോടിക്കു മുന്‍പുതന്നെ കശ്മീർ വിഷയത്തിലെ ചൈനയുടെ നിലപാട് മാറ്റം നയതന്ത്ര വിജയമായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.


LEAVE A REPLY

Please enter your comment!
Please enter your name here