ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കംബോഡിയാ സന്ദര്‍ശനത്തിനു പിന്നാലെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ(എസ്.പി.ജി.) സംരക്ഷണമുള്ളവര്‍ക്ക് വിദേശയാത്രയിലും അംഗരക്ഷകര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സംരക്ഷണം ലഭിക്കുന്നവര്‍ ഇതു നിരാകരിച്ചാല്‍ സുരക്ഷയെക്കരുതി വിദേശയാത്ര അനുവദിക്കാതിരിക്കാനാണ് നീക്കം.

നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കുടുംബാംഗങ്ങളെന്ന നിലയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് എസ്.പി.ജി സംരക്ഷണമുളളത്. ഗാന്ധികുടുംബാംഗങ്ങള്‍ വിദേശത്തെത്തിക്കഴിഞ്ഞാല്‍ എസ്.പി.ജി. ഭടന്മാരെ തിരിച്ചയച്ച് തങ്ങളുടെ സ്വകാര്യ സന്ദര്‍ശനങ്ങള്‍ നടത്താറാണ് പതിവ്. ഇത്തരം സ്വകാര്യസന്ദര്‍ശനങ്ങളും നിരീക്ഷിക്കാനാണ് വിദേശയാത്രയിലും അംഗരക്ഷകരെ നിര്‍ബന്ധമാക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. വ്യക്തികളുടെ സ്വകാര്യ ജീവിതവും സ്വാതന്ത്ര്യവും രാഷ്ട്രീയജീവിതവും രണ്ടായിക്കരുതി ബഹുമാനിക്കുന്ന നിലപാടാണ് ഇന്ത്യയുടെ ജനാധിപത്യ ശീലമെന്ന് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി പ്രണവ് ഝാ പറഞ്ഞു. ചില നേതാക്കളുടെ സ്വകാര്യസന്ദര്‍ശനങ്ങള്‍ സ്ഥാപനങ്ങളെ ദുരുപയോഗംചെയ്ത് വെളിപ്പെടുത്തുന്നതും വിവാദമുണ്ടാക്കുന്നതും നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 11 മുതല്‍ രാഹുലിന്റെ ഹരിയാണ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുപ്രചാരണം തീരുമാനിച്ചതായി സൂചനയുണ്ടായിരുന്നു. അതിനു മുന്നോടിയായി ശനിയാഴ്ച രാഹുല്‍ കംബോഡിയയിലേക്ക്
തിരിച്ചതോടെ അദ്ദേഹം പ്രചാരണത്തിനുണ്ടാവില്ലെന്ന അഭ്യൂഹമുയര്‍ന്നു. പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നത്.


LEAVE A REPLY

Please enter your comment!
Please enter your name here