കൊല്ലം: പേരയം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച മാലിന്യ സംസ്‌കരണ യൂണിറ്റ്    ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്റ്റാന്‍സി  യേശുദാസന്‍ ഉദ്ഘാടനം  ചെയ്തു. ചടങ്ങില്‍ പേരയം ഗ്രാമപഞ്ചായത്തിന്റെ ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഒ മീനകുമാരിയമ്മ നിര്‍വഹിച്ചു.

മാലിന്യ സംസ്‌കരണമെന്ന ആശയം വിജയകരമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ ക്ലീന്‍ കേരള കമ്പനിക്കായിരുന്നു പേരയം മാര്‍ക്കറ്റില്‍ സ്ഥാപിച്ച  യൂണിറ്റിന്റെ നിര്‍മാണ ചുമതല. ഹരിത കേരള മിഷനുമായി ചേര്‍ന്നാണ് യൂണിറ്റ് ആരംഭിച്ചത്.  കെട്ടിടവും ആധുനിക യന്ത്രസാമഗ്രികളും സജ്ജമാക്കിയതിന് 25 ലക്ഷം രൂപയാണ് ചെലവ്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍  കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഹരിത കര്‍മസേനയുടെ  സഹായത്തോടെ ശേഖരിക്കും. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജന യൂണിറ്റില്‍ എത്തിച്ച് 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് തരികളാക്കി മാറ്റും. തുടര്‍ന്ന് ടാറിങ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി പുനരുല്പ്പാദാനവും സാധ്യമാക്കും. പ്രതിദിനം 1000 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള ശേഷി യൂണിറ്റിനുണ്ട്.

ജൈവ-അജൈവ മാലിന്യങ്ങള്‍ വെവ്വേറെ ശേഖരിക്കാന്‍ വീടുകളില്‍ ബക്കറ്റുകളും സ്ഥാപിച്ചു. ശേഖരിക്കുന്ന മാലിന്യങ്ങളില്‍ നിന്നും പ്ലാസ്റ്റിക് തിരഞ്ഞെടുത്ത് പ്ലാന്റിലെത്തിച്ച് പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ച് തരികളാക്കി മാറ്റും. യൂണിറ്റിലെ തൊഴിലാളികള്‍ക്കുള്ള പരിശീലനം ക്ലീന്‍ കേരള കമ്പനി നല്‍കി.


LEAVE A REPLY

Please enter your comment!
Please enter your name here