കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലപാതകങ്ങളുടെ അന്വേഷണത്തിനായി ആറ് സംഘത്തെ നിയോഗിക്കാനാണ് പൊലീസിന്റെ തീരുമാനം. കൊലപാതക പരമ്പരയിലെ ഓരോ കേസും ഓരോ സംഘം അന്വേഷിക്കും. അന്വേഷണസംഘം വിപുലീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെയാകും സംഘത്തില്‍ ഉള്‍പ്പെടുത്തുക. ആറുസംഘത്തിന്റെയും മേല്‍നോട്ട ചുമതല എസ് പി കെ ജി സൈമണിന് ആയിരിക്കും. അന്വേഷണസംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ വ്യക്തമാക്കിയിരുന്നു. 

അതേസമയം കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി, സഹായികളായ മാത്യു, പ്രജുകുമാര്‍ എന്നിവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ അന്വേഷണസംഘം തീരുമാനിച്ചു. ജോളിയെ 15 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഇന്ന് താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. ചോദ്യം ചെയ്യലിനായി അന്വേഷണസംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതായാണ് സൂചന.

വിശദമായ ചോദ്യം ചെയ്യലിന് കൂടുതല്‍ ആളുകളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ജോളിയുടെ ഭര്‍ത്താവ് ഷാജു, പിതാവ് സക്കറിയ, ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ തുടങ്ങി നിരീക്ഷണത്തിലുള്ള മിക്കവരേയും ചോദ്യം ചെയ്‌തേക്കും. കേസില്‍ സംശയമുള്ള മുഴുവന്‍ പേരെയും ചോദ്യം ചെയ്യുമെന്ന് ഡിജിപി ഇന്നലെ അറിയിച്ചിരുന്നു. ഇന്നലെ ഷാജുവിന്റെ ആദ്യഭാര്യ മരണമടഞ്ഞ സിലിയുടെ സഹോദരന്‍ , സഹോദരി, അമ്മാവന്‍, ഒരു ബന്ധു എന്നിവരില്‍ നിന്ന് മൊഴിയെടുത്തു. സിലിയുടെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചിട്ടാണ് ജോളിയെ വിവാഹം കഴിച്ചതെന്ന ഷാജുവിന്റെ വെളിപ്പെടുത്തല്‍ ഇവര്‍ നിഷേധിച്ചു. ഷാജുവിന്റെ രണ്ടാം വിവാഹത്തില്‍ തങ്ങളുടെ കുടുംബം പങ്കെടുത്തിരുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി. 
 


LEAVE A REPLY

Please enter your comment!
Please enter your name here