തിരുവനന്തപുരം; ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം സ്വന്തമാക്കിയ മാണി സി കാപ്പന്‍ ഇന്ന് എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 ന് നിയമസഭാ ബാങ്കറ്റ് ഹാളിലാണ് സത്യപ്രതിജ്ഞ ചെയ്ത് കാപ്പന്‍ അധികാരത്തിലേറുന്നത്. പാലയുടെ സ്വന്തമായിരുന്ന കെ.എം. മാണിയുടെ പിന്‍ഗാമിയായാണ് മാണി സി കാപ്പന്‍ എത്തുന്നത്. 

പതിറ്റാണ്ടുകളായി മാണിയിലൂടെ കേരള കോണ്‍ഗ്രസ് കയ്യടക്കിവെച്ചിരുന്ന മണ്ഡലം അദ്ദേഹത്തിന്റെ മരണശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ എന്‍സിപി സ്ഥാനാര്‍ത്ഥിയിലൂടെ എല്‍ഡിഎഫ് സ്വന്തമാക്കുകയായിരുന്നു. കേരളകോണ്‍ഗ്രസിന്റെ ജോസ് ടോമിനെ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി കാപ്പന്‍ അട്ടിമറിച്ചത്. 54137 വോട്ടുകള്‍ മാണി സി.കാപ്പന്‍ നേടിയപ്പോള്‍ 51194 വോട്ടുകളെ ജോസ് ടോമിന് നേടാനായുള്ളൂ. ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരിക്ക് 18044 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 

പാലായില്‍ മൂന്ന് തവണ കെ.എം.മാണിയോട് ഏറ്റുമുട്ടിയിട്ടുള്ള മാണി സി.കാപ്പന് ഓരോ തവണയും ഭൂരിപക്ഷം കുറച്ച് കൊണ്ട് വരാന്‍ സാധിച്ചിരുന്നു. ഇത്തവണ അദ്ദേഹം മണ്ഡലം പിടിച്ചെടുത്തു.
 


LEAVE A REPLY

Please enter your comment!
Please enter your name here